ട്രംപ്- കോമി രഹസ്യ രേഖകള്‍ പുറത്തായി

Posted on: April 21, 2018 6:24 am | Last updated: April 21, 2018 at 12:24 am

വാഷിംഗ്ടണ്‍: മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ രഹസ്യ സംസാരങ്ങള്‍ പുറത്തായി. ഏറെ വിവാദമുണ്ടാകാന്‍ സാധ്യതയുള്ള പല പരാമര്‍ശങ്ങളും ട്രംപ് നടത്തിയതായി പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. ഒരു മുതിര്‍ന്ന ഉപദേശകന്റെ വിധിപ്രസ്താവത്തെ കുറിച്ച് ട്രംപ് പ്രകടിപ്പിക്കുന്ന ആശങ്ക, മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കാനുള്ള സാധ്യതകള്‍ ആരായുക, റഷ്യന്‍ വേശ്യകളെ കുറിച്ച് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പറയുന്ന പ്രശംസ തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്തുവന്ന രേഖകളിലുണ്ട്. കോമിയും ട്രംപും നടത്തിയ രഹസ്യ സംസാരങ്ങളുടെ 15 പേജുകളുള്ള രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് ജെയിംസ് കോമിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എന്താണ് അണിയറയില്‍ സംഭവിച്ചിരുന്നതെന്ന് വെളിപ്പെടുത്താന്‍ ഒരു സമയം അനിവാര്യമായി വരുമെന്നും ഇത് തന്നെ മാത്രമല്ല, എഫ് ബി ഐയെയും പ്രതിരോധിക്കാനുള്ളതാണെന്നും രേഖകള്‍ പുറത്തുവിട്ട നടപടിയെ സംബന്ധിച്ച് ജെയിംസ് കോമി വ്യക്തമാക്കി. ട്രംപ് ഭരണകൂടം അധികാരത്തിലേറി ആദ്യ മൂന്ന് മാസത്തെ സംഭാഷണങ്ങളും രേഖകളുമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്നവരെയും മാധ്യമപ്രവര്‍ത്തകരെയും ജയിലിലടക്കുന്നതിനെ കുറിച്ചും ട്രംപ് സംസാരിക്കുന്നുണ്ട്.