മഹീന്ദ്രയുടെ എക്‌സ് യു വി 500 പുറത്തിറക്കി

Posted on: April 20, 2018 10:21 pm | Last updated: April 21, 2018 at 12:27 am

കൊച്ചി: പുതിയ കരുത്തും ആഡംബര ഇന്റീരിയറും ആകര്‍ഷക രൂപകല്‍പനയുമായി മഹീന്ദ്ര എക്‌സ് യു വി 500ന്റെ പരിഷ്‌കരിച്ച മോഡലുകള്‍ നിരത്തിലെത്തി. സസ്‌പെന്‍ഷനിലും കാബിനിലും വരുത്തിയ മാറ്റങ്ങളിലൂടെ ആയാസരഹിതമായ യാത്ര വാഗ്ദാനം ചെയ്യുന്ന എക്‌സ് യു വി 500 കരുത്തിലും ടോര്‍കിലും പ്രീമിയം എസ് യു വി രംഗത്ത് എതിരാളികളെയെല്ലാം മറികടക്കും. 12.45 ലക്ഷം രൂപ (ണ5 മോഡല്‍ ) മുതലാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. പുതിയ പതിപ്പിന്റെ മോഡലുകള്‍ രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിത്തുടങ്ങി.

ഹൈടെക് സവിശേഷതകളും അതുല്യമായ പ്രകടനവും സുരക്ഷയും തരുന്ന എക്‌സ് യു വി 500 പ്രീമിയം എസ് യു വി വിഭാഗത്തിലെ ട്രെന്‍ഡ് സെറ്ററായിക്കഴിഞ്ഞുവെന്ന് വാഹനം അവതരിപ്പിച്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് അമിത് സാഗര്‍ പറഞ്ഞു.

155 ബി എച്ച് പി കരുത്തും 360 എന്‍ എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന എം ഹോക് എന്‍ജിനാണ് എക്‌സ് യു വി 500ന്റെ കരുത്ത്. സുരക്ഷിത യാത്രക്കായി ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എന്നിവിടങ്ങളിലായി ആറ് എയര്‍ബാഗുകള്‍, ഇ ബി ഡിയോടുകൂടി എ ബി എസ്, ഇ എസ് പി, ഹൈറേഞ്ച് യാത്രകള്‍ക്കായി ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍, എല്ലാ വീലിലും ഡിസ്‌ക് ബ്രേക് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. ഇതാദ്യമായി എമര്‍ജെന്‍സി കോളിംഗ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.