ഒരു ഫോണ്‍ കോളില്‍ ദുബൈ പോലീസിന്റെ നവീന സുരക്ഷാ നിയമ സേവനങ്ങള്‍

ദുബൈ പോലീസിന്റെ അത്യാഹിത ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ ഉപയോഗിക്കുന്ന 901 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ ദുബൈ താമസക്കാര്‍ക്ക് നിയമോപദേശങ്ങള്‍ ലഭിക്കും.
Posted on: April 20, 2018 10:54 pm | Last updated: April 20, 2018 at 10:54 pm

ദുബൈ: ഒരു ഫോണ്‍ കോളില്‍ ദുബൈയിലെ ജനങ്ങള്‍ക്ക് സൗജന്യ സുരക്ഷാ നിയമ ഉപദേശങ്ങള്‍ നല്‍കാന്‍ ദുബൈ പോലീസ്. ദുബൈ പോലീസിന്റെ അത്യാഹിത ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ ഉപയോഗിക്കുന്ന 901 എന്ന നമ്പറിലേക്ക് വിളിച്ചാലാണ് ദുബൈ താമസക്കാര്‍ക്ക് നിയമോപദേശങ്ങള്‍ ലഭിക്കുക.

മനുഷ്യാവകാശങ്ങള്‍, മയക്ക് മരുന്ന് വ്യാപനം, കുട്ടികളും കുടുംബവുമായി സംബന്ധിച്ച വിഷയങ്ങള്‍, ക്രിമിനല്‍ കുറ്റങ്ങള്‍, ഗതാഗത നിയമ സംബന്ധിയായ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ പ്രത്യേക നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് നിയമ സഹായം തേടാവുന്നതാണ്.

നിയമോപദേശങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്താതെ പൊതുജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ ആശയമുള്‍കൊണ്ട് ആരംഭിച്ചതാണ് പദ്ധതി. പുതിയ സേവനം ജനങ്ങളും പോലീസും തമ്മുലുള്ള ആശയ വിനിമയങ്ങളെ കൂടുതല്‍ എളുപ്പമാക്കും. പൊതുജനങ്ങളെ കൂടുതല്‍ സന്തുഷ്ടരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്.

അത്യാഹിതങ്ങള്‍ക്കും, അടിയന്തിര പ്രാധാന്യമില്ലാത്തതുമായ ആവശ്യങ്ങള്‍ക്കും പോലീസ് സ്റ്റേഷനുകളില്‍ എത്താതെ പൊതു ജനങ്ങള്‍ക്ക് സഹായം ആവശ്യപ്പെടുന്നതിന് സംവിധാനം വഴിയൊരുക്കുന്നു. ഈ വര്‍ഷം 901 നമ്പറിലൂടെ 145,315 സഹായ അഭ്യര്‍ഥനകളാണ് പോലീസ് ആസ്ഥാനത്തു എത്തിയത്.