Connect with us

Sports

കളി ഇന്ന് സൂപ്പറാകും

Published

|

Last Updated

ഛേത്രിയും മിക്കുവും

കൊല്‍ക്കത്ത: പ്രഥമ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ആര് സ്വന്തമാക്കും ? കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളും ബെംഗളുരു എഫ് സിയും തമ്മില്‍ ഇന്ന് നടക്കുന്ന കലാശപ്പോരിലേക്കാണ് രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുകള്‍. ഐ ലീഗിലെയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ക്ലബ്ബുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തി നില്‍ക്കുന്നത് ഐ ലീഗ്- ഐ എസ് എല്‍ ക്ലബ്ബുകളാണ്. ഏത് ലീഗാണ് മികച്ചതെന്ന് അടിവരയിടുന്നതായി മാറും കപ്പിനായുള്ള പോര്.

രസകരമായ വസ്തുത ഐ ലീഗ്, ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍ നേരത്തെ തന്നെ പുറത്തായെന്നുള്ളതാണ്.

ബെംഗളുരു എഫ് സി സെമി ഫൈനലില്‍ തോല്‍പ്പിച്ചത് ഐ ലീഗിലെ മികച്ച ടീമായ മോഹന്‍ ബഗാനെയാണ്. ഐ എസ് എല്‍ ഫൈനലില്‍ കലമുടച്ചതിന്റെ ദുരന്തസ്മരണകളിലാണ് സുനില്‍ ഛേത്രിയും കൂട്ടരും. സീസണില്‍ ഒരു കപ്പ് നേട്ടത്തോടെ ആ നഷ്ടം നികത്താനാണ് ബെംഗളുരു ടീം തയ്യാറെടുക്കുന്നത്. ഈസ്റ്റ് ബംഗാളാകട്ടെ സെമിഫൈനലില്‍ എഫ് സി ഗോവയെയാണ് കെട്ടുകെട്ടിച്ചത്.

ഐ ലീഗില്‍ നിന്ന് ഐ എസ് എല്ലിലേക്ക് പോയവരാണ് ബെംഗളുരു എഫ് സി. അതുകൊണ്ടു തന്നെ ഈസ്റ്റ് ബംഗാളുമായി ഐ ലീഗില്‍ കളിച്ചതിന്റെ പരിചയമുണ്ട്. എട്ട് തവണയാണ് നേര്‍ക്കു നേരെ വന്നത്. അഞ്ചിലും ജയം ഈസ്റ്റ് ബംഗാളിന്.

ഇത്തവണ ഐ ലീഗില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഈസ്റ്റ്ബംഗാള്‍ ആറ് വര്‍ഷമായി ഒരു കിരീടം സ്വന്തമാക്കിയിട്ടത്. 2012 ല്‍ ഫെഡറേഷന്‍ കപ്പ് നേടിയതാണ് അവസാനത്തെത്.

ഇന്ത്യയില്‍ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ക്ലബ്ബ് എന്ന സവിശേഷതയാണ് ബെംഗളുരു എഫ് സിക്കുള്ളത്. സൂപ്പര്‍ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഗോകുലം കേരളക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബെംഗളുരു ജയിക്കുന്നത്. സ്‌റ്റോപ്പേജ് ടൈമില്‍ ഉദാന്ത സിംഗായിരുന്നു വിജയഗോള്‍ നേടിയത്. ക്വാര്‍ട്ടറില്‍ നെറോക എഫ് സിക്കെതിരെ സുനില്‍ ഛേത്രിയുടെ ഹാട്രിക്ക്. സൂപ്പര്‍ കപ്പ് ചരിത്രത്തിലെ ആദ്യത്തെ ഹാട്രിക്ക് ബലത്തില്‍ ബെംഗളുരു സെമിയിലേക്ക് കുതിച്ചു.

മോഹന്‍ ബഗാനായിരുന്നു എതിരാളി. ആവേശകരമായ പോരില്‍ ബെംഗളുരു ഒരു ഗോളിന് പിറകിലായി. പോരാത്തതിന് ലെഫ്റ്റ് ബാക്ക് നിഷു കുമാര്‍ അമ്പതാം മിനുട്ടില്‍ റെഡ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. പക്ഷേ, വെനിസ്വെലന്‍ സ്‌ട്രൈക്കര്‍ മിക്കുവിന്റെ ഹാട്രിക്കില്‍ കഥ മാറി. 4-2ന് ബെംഗളുരു ജയിച്ചു കയറി. ഏറെ പരീക്ഷണങ്ങള്‍ തരണം ചെയ്താണ് ഈസ്റ്റ് ബംഗാളിന്റെ ഫൈനല്‍ പ്രവേശം. പ്രീക്വാര്‍ട്ടറില്‍ 2-1ന് മുംബൈ സിറ്റി എഫ് സിയെ മറികടന്ന ഈസ്റ്റ് ബംഗാള്‍ ക്വാര്‍ട്ടറില്‍ ഐസ്വാള്‍ എഫ് സിയെ സ്റ്റോപ്പേജ് ടൈമിലെ ആറാം മിനുട്ടിലാണ് തോല്‍പ്പിച്ചത്. പെനാല്‍റ്റി ഗോളിലായിരുന്നു ജയം (1-0). സെമി ഫൈനലില്‍ എഫ് സി ഗോവയെ വീഴ്ത്തിയതും ഒരൊറ്റ ഗോളിന്. എഴുപത്തെട്ടാം മിനുട്ടില്‍ ഡുഡുവാണ് സ്‌കോര്‍ ചെയ്തത്. സമീപകാല ഫോം നോക്കിയാല്‍ ബെംഗളുരു എഫ് സി ഒരു പടി മുന്നിലാണ്. ജനുവരിക്ക് ശേഷം ആകെ ഒരു കളി മാത്രമാണ് ബെംഗളുരു തോറ്റത്. അവസാനം കളിച്ച 21 ല്‍ പതിനേഴിലും ജയം.

ഈ വിജയങ്ങളുടെയെല്ലാം ആണിക്കല്ലെന്ന് പറയാവുന്നത് സുനില്‍ ഛേത്രി-മിക്കു-ഉദാന്ത സിംഗ് അറ്റാക്കിംഗ് ത്രയമാണ്.

ഈസ്റ്റ് ബംഗാളിന്റെ മുന്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ബെംഗളുരുവിന്റെ വല കാക്കുന്നത്. തന്റെ മുന്‍ ക്ലബ്ബിനെതിരെയാണ് കളിക്കാന്‍ പോകുന്നത് എന്നത് മനസില്‍ നിന്ന് മായ്ച്ചു കളഞ്ഞു. കിരീടം നേടുക മാത്രമാണ് ലക്ഷ്യം – ഗുര്‍പ്രീത് ട്വിറ്ററില്‍ എഴുതി.

ഗോളടിയില്‍ ഒരു മത്സരം ബെംഗളുരു എഫ് സി താരങ്ങളായ ഛേത്രിക്കും മിക്കുവിനും ഇടയിലുണ്ട്. ക്ലബ്ബിന്റെ സീസണ്‍ ടോപ് സ്‌കോറര്‍ ആവുകയാണ് ലക്ഷ്യം. ഛേത്രിയേക്കാള്‍ ഒരു ഗോള്‍ അധികം മിക്കുവിന്റെ എക്കൗണ്ടിലുണ്ട്. ഫൈനലില്‍ ഗോളടിക്കുന്നത് പോലിരിക്കും ടോപ് സ്‌കോറര്‍ പദവിയുടെ ഭാവി. അതേ സമയം, സൂപ്പര്‍ കപ്പില്‍ നാല് ഗോളുകള്‍ വീതം നേടി ഛേത്രിയും മിക്കുവും ബഗാന്റെ ദിപാന്ദയും ടോപ് സ്‌കോറര്‍ സ്ഥാനത്ത് നില്‍ക്കുന്നു. ബഗാന്‍ പുറത്തായതോടെ ദിപാന്ദക്ക് മുന്നില്‍ അവസരമില്ല. ഫൈനലില്‍ ഗോളടിച്ചാല്‍ ഛേത്രിക്കും മിക്കുവിനും ടോപ് സ്‌കോറര്‍ പട്ടം നിര്‍ണയിക്കാം.

 

Latest