Connect with us

Gulf

പ്രവാസികളുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പ്

Published

|

Last Updated

മസ്‌കത്ത്: 2018-19 അധ്യയന വര്‍ഷത്തിലേക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദ പഠനം നടത്താന്‍ പ്രവാസികളുടെ മക്കള്‍ക്ക് അവസരം. ഗള്‍ഫ് അടക്കമുള്ള 66 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്കാണ് ഉപരിപഠനത്തിനുള്ള അവസരം ലഭിക്കുക. തിരഞ്ഞെടുക്കുന്ന 150 വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് (എസ് പി ഡി സി) നല്‍കും. ഓരോ അധ്യയന വര്‍ഷത്തിലും പഠന ചെലവിന്റെ 75 ശതമാനമോ നാലായിരം യു എസ് ഡോളറിന് സമാനമായ തുകയോ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഇന്ത്യക്ക് പുറത്ത് നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും എ ഐ യു അംഗീകാരമുള്ള ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു (തത്തുല്യ യോഗ്യത) പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസരമുണ്ട്. 150 സ്‌കോളര്‍ഷിപ്പുകളില്‍ 50 എണ്ണം ഒമാന്‍, യു എ ഇ, ഖത്വര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, യമന്‍, മലേഷ്യ തുടങ്ങി എമിഗ്രേഷന്‍ പരിശോധനാ നടപടികള്‍ ആവശ്യമായ (ഇ സി ആര്‍) 17 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേകം സംവരണം ചെയ്തതാണ്. ഇന്ത്യയില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന അമ്പത് പേര്‍ക്കും പ്രത്യേക സംവരണമുണ്ട്. ബി ടെക്, ബി ഇ, ബി ആര്‍ക്, ബി എ, ബി എസ് സി, ബി കോം, ബി ബി എ, എല്‍ എല്‍ ബി, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

17നും 21 വയസ്സിനും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. സെപ്തംബര്‍ 30നകം വേേു://ംംം.ുെറരശിറശമ. ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ അധ്യയന വര്‍ഷത്തിലും തുക നല്‍കുമെന്നാണ് അധികൃതരുടെ അവകാശവാദം. ഓരോ അധ്യയന വര്‍ഷത്തിലെയും വാര്‍ഷിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് ലഭിച്ച് എസ് പി ഡി സി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള സ്‌കോളര്‍ഷിപ്പ് നല്‍കും. രക്ഷിതാവിന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

മക്കളെ ഉന്നത പഠനത്തിനയക്കുമ്പോഴുള്ള ചെലവ് ഓര്‍ത്ത് ആശങ്കപ്പെടുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. എന്നാല്‍, ഇത്തരം പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തുന്നില്ലെന്ന പരാതിയും പ്രവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിനായി എംബസിയുടെ നേതൃത്വത്തിലും മറ്റും പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന ആവശ്യം.