Connect with us

Kerala

ജാഗ്രതാ നിര്‍ദേശം; പോലീസുകാരെ തിരിച്ചുവിളിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. പ്രധാന മേഖലകളില്‍ സുരക്ഷ ഉറപ്പാക്കാനും ഒപ്പം അവധിയിലുള്ള പോലീസുകാരോട് ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും ഡി ജി പി നിര്‍ദേശം നല്‍കി. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനകീയ ഹര്‍ത്താലെന്ന പേരില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ ചില സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി. തലസ്ഥാനത്ത് ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാനും യോഗം തീരുമാനിച്ചു.

കൂടുതല്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് കോഴിക്കോട്ട് ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ച നിരോധനാജ്ഞയെ മുസ്‌ലിം വേട്ടയായി ചിത്രീകരിക്കാന്‍ ചില സംഘടനകള്‍ നീക്കം നടത്തുന്നതായും യോഗം വിലയിരുത്തി. വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ട് നടത്തിയ ട്രയല്‍ റണ്ണാണ് ഹര്‍ത്താലെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന ഡി ജി പി ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ആക്രമണം അഴിച്ചുവിടാന്‍ ശ്രമിച്ചവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാനായി സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ തുടരാനും ഇതുവരെ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുക്കാനും ഡി ജി പി നിര്‍ദേശം നല്‍കി. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹര്‍ത്താലാണെന്ന പ്രചാരണത്തിന് തുടക്കമിട്ട ഒരാളെ പോലീസ് ഹൈടെക് സെല്‍ പിടികൂടിയിട്ടുണ്ട്.

കത്വയില്‍ എട്ട് വയസ്സുകാരിയെ ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത് പതിനാറിന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രതിഷേധത്തിന്റെ മറവില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ കലാപം നടത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
മോശം സ്വഭാവക്കാരെ പിരിച്ചുവിടണം

പോലീസിലെ കുറച്ചു പേരുടെ പെരുമാറ്റം സേനക്ക് കളങ്കം ഉണ്ടാക്കുന്നുവെന്ന് ബെഹ്‌റ. ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കണം. നന്നായില്ലെങ്കില്‍ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. പോലീസിലെ മൂന്നാംമുറക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബെഹ്‌റയുടെ അഭിപ്രായ പ്രകടനം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest