ഉമര്‍ സാഹിബിനെ ഓര്‍ക്കുമ്പോള്‍

Posted on: April 20, 2018 6:00 am | Last updated: April 19, 2018 at 10:17 pm

ഉമര്‍ സാഹിബിന്റെ ആകസ്മിക വേര്‍പാടിന് ഒരു വര്‍ഷം തികയുന്നു. ബന്ധങ്ങളെ കരുതലോടെ കാത്തുപോന്ന വലിയ മനുഷ്യനായിരുന്നു അദ്ദേഹം. സംഘടനയായാലും ഔദ്യോഗിക ജീവിതമായാലും എല്ലാ തുറകളിലും സ്‌നേഹത്തിന്റെയും സൗമ്യതയുടെയും കരുതല്‍ അദ്ദേഹം അനുവര്‍ത്തിച്ചു. സംഘടനയില്‍ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും അദ്ദേഹം സാധാരണ പ്രവര്‍ത്തകന്റെ വരെ ധര്‍മങ്ങള്‍ നിര്‍വഹിച്ചു.

സരസനായ ഉമര്‍ സാഹിബിന് തന്റെ കീഴ് ജീവനക്കാരോ സഹപ്രവര്‍ത്തകരോ ഭയം നിറഞ്ഞ ബഹുമാനമല്ല നല്‍കിയത്. പലപ്പോഴും അവര്‍ അത്ര മുതിര്‍ന്ന ഒരു നേതാവിനോട് പെരുമാറുന്നത് പോലെയല്ല ഇടപഴകിയത്. സുഹൃത്തുക്കളെപ്പോലെയായിരുന്നു. എന്നിട്ടും യഥാര്‍ഥ ആദരവിന്റെ തലങ്ങള്‍ അദ്ദേഹം ആര്‍ജിച്ചു.

ഊര്‍ജസ്വലതയാണ് ഉമര്‍ സാഹിബിനെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാന ഘടകം. ഒഴിവു വേളകള്‍ എന്നൊന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പത്രമാപ്പീസില്‍ നിന്ന് ഇറങ്ങിയാല്‍ സ്റ്റേഡിയം പള്ളിയുടെ പണി നോക്കും. നാട്ടിലെ മഹല്ലിന്റെ പ്രവര്‍ത്തനങ്ങളുണ്ടാകും. അതിനിടക്ക് രോഗികളെ സന്ദര്‍ശിക്കാനുണ്ടാകും. വിവാഹമടക്കമുള്ള എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുണ്ടാകും. സിറാജിന്റെ എല്ലാ പടവുകളിലും ഉമര്‍ സാഹിബിന്റെ കാലടിപ്പാടുകളുണ്ട്.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വരെയെത്തിയ ഔദ്യോഗിക ജീവതത്തിലുടനീളം മതത്തിന്റെ സൂക്ഷ്മത പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ശരിക്ക് വേണ്ടി കണിശത പാലിച്ചു. സത്യസന്ധമായ നിലപാടെടുക്കുന്നത് കൊണ്ട് സംഭവിക്കുന്ന നഷ്ടങ്ങളെ അദ്ദേഹം ഗൗനിച്ചില്ല. അത്‌കൊണ്ട് ക്രൂരമായ സ്ഥലംമാറ്റങ്ങള്‍ക്കും പക പോക്കലുകള്‍ക്കും അദ്ദേഹം വിധേയനായി. അവയെല്ലാം സൗമ്യമായി മറികടക്കുകയായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം തന്റെ സാമൂഹിക പ്രവര്‍ത്തന മണ്ഡലം പൂര്‍ണമായി സുന്നീ പക്ഷത്തോട് ചേര്‍ക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പിന്നില്‍ സജീവമായിരുന്നു ഉമര്‍ സാഹിബ്. ഒരു വേള അവരുടെ സഹായിയായിരുന്നു.

ഉമര്‍ സാഹിബിന്റെ പാരത്രിക ജീവിതം പടച്ചവന്‍ സന്തോഷത്തിലാക്കട്ടെ. ഇടര്‍ച്ചകള്‍ മാപ്പാക്കിക്കൊടുക്കട്ടെ.