Connect with us

Articles

'തിരുത്തല്‍ തുടങ്ങേണ്ടത് നേതൃതലത്തില്‍ നിന്ന്'

Published

|

Last Updated

നേതൃതലത്തിലെ ഭിന്നതയാണ് സി പി എം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ പ്രതിഫലിച്ചതെങ്കില്‍ നേതാക്കളുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നതാണ് കരട് സംഘടനാറിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ അച്ചടക്ക ലംഘനം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇന്ന് രാഷ്ട്രീയ പ്രമേയം അംഗീകരിച്ച ശേഷം പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് കരട് സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിക്കുക. നിയന്ത്രണമില്ലാതെയുള്ള കേന്ദ്രനേതാക്കളുടെ പ്രതികരണ രീതി അവസാനിപ്പിക്കണം. ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറി. ഇനിയെങ്കിലും നേതാക്കളെല്ലാം കേന്ദ്രീകൃത ജനാധിപത്യശൈലി പിന്തുടരണം. ജനറല്‍ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായഭിന്നത പരസ്യമായി പ്രകടമായി. ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വാര്‍ഷിക വരുമാനകണക്ക് നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

പി ബി അംഗങ്ങള്‍ക്കും മറ്റുകേന്ദ്രനേതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. പി ബിയിലെയും കേന്ദ്ര ആസ്ഥാനത്തേയും ചര്‍ച്ചകള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുന്നു. വാര്‍ത്ത ചോരുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ബി വി രാഘവുലുവിനെ ചുമതലപ്പെടുത്തിയിരുന്നു. പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നതിന് ഏകീകൃത സംവിധാനം ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗുരുതരമായ അച്ചടക്കലംഘനമാണിത്. നേതാക്കള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വാര്‍ത്ത ചോര്‍ത്തി നല്‍കല്‍ നടപടി അവസാനിപ്പിക്കണം. പ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ തന്നെ ഇത്തരത്തിലൊരു നടപടി കൈകൊള്ളുന്നത് ശരിയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ ബംഗാള്‍ ഘടകത്തിനും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശമുണ്ട്.

യെച്ചൂരിക്കൊപ്പം നില്‍ക്കുന്ന ബംഗാള്‍ ഘടകത്തെ റിപ്പോര്‍ട്ട് കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. പി ബി തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണം. മൂന്നുവര്‍ഷത്തിനിടെ ബംഗാളിലെ സി പി എം അംഗങ്ങളുടെ എണ്ണത്തില്‍ അരലക്ഷത്തിലേറെ കുറവുണ്ടായി. ഇപ്പോള്‍ ബംഗാളില്‍ 2,48,000 പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. വിശാഖപട്ടണത്തു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ 52,000 അംഗങ്ങളുടെ കുറവ്.

പ്ലീനം രേഖ നടപ്പാക്കുന്നതിലെ വീഴ്ചയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊല്‍ക്കത്ത പ്ലീനം അംഗത്വത്തിന് കര്‍ശനവ്യവസ്ഥ കൊണ്ടുവന്നിരുന്നു. പാര്‍ട്ടി രീതികള്‍ക്ക് യോജിക്കാത്തവരെ അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതാണ് എണ്ണം കുറയാനുള്ള കാരണമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംസ്ഥാന ഘടകങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ച് ആറ് മാസത്തിനകം ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണം.

സ്‌കൂളിലും മറ്റും ആര്‍ എസ് എസ് നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആരോഗ്യരംഗത്തും ചേരികള്‍ കേന്ദ്രീകരിച്ചും ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. അല്ലാതെ, തിരഞ്ഞെടുപ്പുസഖ്യങ്ങള്‍ കൊണ്ടു മാത്രം മുന്നോട്ടുപോകാനാകില്ല.

ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു. ത്രിപുരയില്‍ ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ. കൂടുതല്‍ സമരങ്ങള്‍ ഏറ്റെടുക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. സി പി ഐയെ ഒഴിവാക്കി ഇടതുഐക്യം സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടതു കൂട്ടായ്മയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ആര്‍ എസ് പിയും ഫോര്‍വേഡ് ബ്ലോക്കും പോയത് ഇടതു ഐക്യത്തെ ബാധിച്ചു. കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന സി പി ഐ നിലപാടിനോടു യോജിക്കാനാവില്ല.

എന്നാല്‍, സി പി ഐയെ ഒഴിവാക്കി ഇടതുഐക്യം പ്രാവര്‍ത്തികമല്ലെന്നും ഇടതുജനാധിപത്യ മുന്നണിയുടെ മര്‍മസ്ഥാനത്ത് സി പി ഐ വേണമെന്നും റിപോര്‍ട്ട് അടിവരയിടുന്നു.

 

മുസ്‌ലിം പ്രാതിനിധ്യത്തില്‍
പുരോഗതിയില്ല

ബംഗാളിലൊഴികെ പാര്‍ട്ടിയിലെ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് കരട് സംഘടനാറിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശം. മുസ്‌ലിം ജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നടപടി വേണമെന്ന് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളത്തിലടക്കം ഇക്കാര്യത്തില്‍ പുരോഗതിയില്ല. മുസ്‌ലിംകളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ ബംഗാളില്‍ മാത്രമാണ് പുരോഗതി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കാലത്ത് ബംഗാളില്‍ 7.1 ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യം. ഇത് 11.3 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം.

കേരളത്തിലെ പാര്‍ട്ടി അംഗത്വത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, യുവപ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതില്‍ പുരോഗതിയുണ്ട്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ യുവാക്കളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുകയാണ്. ആന്ധ്രപ്രദേശ്, തെലങ്കാന, ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. എന്നാല്‍ കേരളത്തില്‍ പുരോഗതിയുണ്ട്. 2015ല്‍ 22.7 ശതമാനമായിരുന്നത് 23.4 ശതമാനമായി ഉയര്‍ന്നു. അതേസമയം, തൊഴിലാളികളുടെ എണ്ണം കേരളത്തില്‍ കുറയുകാണ്. മധ്യവര്‍ഗമാണ് പാര്‍ട്ടി അംഗത്വമെടുക്കുന്നതില്‍ വര്‍ധിക്കുന്നത്. സംസ്ഥാന കമ്മറ്റിയിലെ വനിതാപ്രാതിനിധ്യവും വേണ്ടത്ര ഉയര്‍ന്നിട്ടില്ല. സി പി എമ്മിനെ സംബന്ധിച്ച് ഈ വിലയിരുത്തലിന് ഏറെ പ്രധാന്യമുണ്ട്.