യമനില്‍ ഇറാന്റെ വിമാനം യു എ ഇ തകര്‍ത്തിട്ടു

Posted on: April 19, 2018 9:24 pm | Last updated: April 19, 2018 at 9:24 pm
ഇറാന്‍ വിമാനത്തിന്റെ ഭാഗം

ദുബൈ: യു എ ഇയുടെ സായുധ സേനാ വ്യോമ പ്രതിരോധ വിഭാഗം ഇറാന്റെ ഖസാഫ്-1 വിമാനം തകര്‍ത്തിട്ടു. യുദ്ധ കോപ്പുകളുമായി, യമനില്‍ രക്ഷാ ദൗത്യ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ട സഊദി സഖ്യ സേനയെ ചെങ്കടല്‍ തീരപ്രദേശത്തു വെച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടു പറക്കുന്നതിനിടെയാണ് ചെറുവിമാനത്തെ യു എ ഇ സേന തകര്‍ത്തിട്ടത്.

തകര്‍ന്ന വിമാനം പരിശോധിക്കുന്നതിനിടെ ആക്രമണത്തിന് സജ്ജമാക്കിയ മാരക സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. യെമനിലെ സഖ്യ സേനയെയും ജനങ്ങളെയും മാത്രമല്ല, ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ചരക്ക് ഗതാഗത നീക്കങ്ങളെയും ഇറാന്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഇറാന്റെ ഈ നീക്കങ്ങളെയാണ് യു എ ഇ സേന തകര്‍ത്തത്. ചെങ്കടല്‍ തീരത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്താല്‍ കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കങ്ങള്‍ക്ക് തടയിടാമെന്നാണ് ഇറാന്‍ കണക്കുകൂട്ടുന്നത്.