National
മക്ക മസ്ജിദ് സ്‌ഫോടനം: വിധി പറഞ്ഞ ജഡ്ജിയുടെ രാജി തള്ളി

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞ എന്‍ ഐ എ ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയുടെ രാജിക്കത്ത് ഹൈദരാബാദ് ഹൈക്കോടതി തള്ളി. 15 ദിവസം അനുവദിച്ചിരുന്ന അവധി റദ്ദാക്കിയ ഹൈക്കോടതി റെഡ്ഡിയോട് ഉടന്‍ ജോലിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.
2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് രവീന്ദര്‍ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍, എന്ത് കാരണത്താലാണ് റെഡ്ഡിയുടെ രാജിയെന്ന് വ്യക്തമായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളും തെലങ്കാനയോടുള്ള വിവേചനവും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞതിന് ശേഷം റെഡ്ഡിക്ക് ഫോണ്‍ വഴി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ ചില അഴിമതി ആരോപണവും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
റെഡ്ഡിയുടെ രാജി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ ഹൈക്കോടതി നിര്‍ണായക തീരുമാനമെടുത്തത്. രാജി തള്ളുക മാത്രമല്ല, അവധി റദ്ദാക്കുകയും ചെയ്തു. എന്ത് കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമല്ല.
ജൂണില്‍ വിരമിക്കാനിരിക്കുന്ന മുതിര്‍ന്ന ന്യായാധിപനായ റെഡ്ഡി തെലങ്കാന ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ്. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം ഹൈക്കോടതി യാഥാര്‍ഥ്യമാകാന്‍ വൈകുന്നതിനാല്‍ രവീന്ദര്‍ റെഡ്ഡിക്ക് വിരമിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിക്കാന്‍ നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതിനിടെ, റെഡ്ഡി ഇന്നലെ ജോലിക്ക് ഹാജരായി. പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളൊന്നും ഇല്ലെങ്കിലും റെഡ്ഡിയുടെ വീടിന് കഴിഞ്ഞ ദിവസം മുതല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.