ഇന്ത്യ-മാലദ്വീപ് പോരാട്ടം

  • 2018 സാഫ് കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് നിര്‍ണം പൂര്‍ത്തിയായി
  • ടൂര്‍ണമെന്റ് സെപ്തംബറില്‍ - ഏഴ് തവണ
  • ചാമ്പ്യന്‍മാരായ ഇന്ത്യ കപ്പ് നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്നു
Posted on: April 19, 2018 6:06 am | Last updated: April 19, 2018 at 12:45 am

ന്യൂഡല്‍ഹി: 2018 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യ-മാലദ്വീപ് സൂപ്പര്‍ പോരിന് കളമൊരുങ്ങി. ശ്രീലങ്ക കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും മാലദ്വീപും. ആതിഥേയരായ ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഭൂട്ടാന്‍ ഗ്രൂപ്പ് എയില്‍.

ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെ പ്രീമിയര്‍ ഫുട്‌ബോള്‍ പോരാട്ടം സാഫ് സുസുക്കി കപ്പ് എന്ന പേരില്‍ അറിയപ്പെടും. സെപ്തംബര്‍ നാല് മുതല്‍ 15 വരെയാണ് ടൂര്‍ണമെന്റ്. കഴിഞ്ഞ ഡിസംബറില്‍ നിശ്ചയിച്ച ടൂര്‍ണമെന്റ് പിന്നീട് സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു.

ന്നാം തവണയാണ് സാഫ് കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്നത്. മൂന്ന് തവണ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇന്ത്യയും മാലദ്വീപും. 1997 ലും 2009 ലും മാലദ്വീപിനെ കീഴടക്കി ഇന്ത്യ ചാമ്പ്യന്‍മാരാവുകയും ചെയ്തു.

2008 ലാണ് മാലദ്വീപ് ഒരേയൊരിക്കല്‍ ചാമ്പ്യന്‍മാരായത്. 2015 ല്‍ കപ്പുയര്‍ത്തിയ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന ഗമയോടെയാണ് ടൂര്‍ണമെന്റിനെത്തുക. അന്ന് ഫൈനലില്‍ അഫ്ഗാനിസ്ഥാനെയാണ് തോല്‍പ്പിച്ചത്. അഫ്ഗാന്‍സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ ചേര്‍ന്നതോടെ സാഫ് കപ്പ് കളിക്കാനുള്ള യോഗ്യത നഷ്ടമായി.

ബംഗബന്ധുസ്‌റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിലെ എല്ലാ കളികളും. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലേക്ക് മുന്നേറും.
സാഫ് കപ്പ് സ്വന്തം മണ്ണില്‍ തിരിച്ചെത്തിയത് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കുന്നു. 2003 ല്‍ ആദ്യമായി ആതിഥ്യമരുളിയപ്പോഴാണ് ബംഗ്ലാദേശ് ആദ്യമായി സാഫ് കപ്പ് നേടിയത്. ഫൈനലില്‍ മാലദ്വീപിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചാണ് ചരിത്രവിജയം സ്വന്തമാക്കിയത്.
സാഫ് കപ്പിന്റെ പന്ത്രണ്ടാമത് എഡിഷന്‍ ഏറ്റവും മികച്ച അനുഭവമായി മാറുമെന്ന് സാഫ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) പ്രസിഡന്റ് കാസി മുഹമ്മദ് സലാഹുദ്ദീന്‍ അഭിപ്രായപ്പെട്ടു.

ഏഴ് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ റെക്കോര്‍ഡ് സൂക്ഷിക്കുന്നു. മൂന്ന് തവണ റണ്ണേഴ്‌സപ്പുമായി.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക ഓരോ തവണ ചാമ്പ്യന്‍മാരായി.