പാര്‍ട്ടിയില്‍ ‘കോണ്‍ഗ്രസ്’ കലാപം

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങി
Posted on: April 19, 2018 6:30 am | Last updated: April 18, 2018 at 11:47 pm

ഹൈദരാബാദ്: നേതൃതലത്തിലെ ഭിന്നത കടുപ്പിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദല്‍രേഖ. പി ബി അംഗം പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നേരത്തെ കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയ ബദല്‍രേഖയിലെ നിര്‍ദേശങ്ങള്‍ യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍വെച്ചു. തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ചാണ് യെച്ചൂരി- കാരാട്ട് പക്ഷങ്ങള്‍ക്കിടയിലെ ഭിന്നത. കരട് രാഷ്ട്രീയ പ്രമേയം തിരുത്തല്‍ വേണമെന്നാണ് യെച്ചൂരിയുടെ നിര്‍ദേശം.

ബദലല്ല, അഭിപ്രായം

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ ഔദ്യോഗിക രേഖയും ബദല്‍ നിര്‍ദേശവും അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ അന്തിമമായി ഏത് സ്വീകരിക്കപ്പെടുമെന്നത് നിര്‍ണായകമാണ്. അതേസമയം, ബദല്‍ രേഖയല്ല യെച്ചൂരി അവതരിപ്പിക്കുന്നതെന്നും രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ട അഭിപ്രായം മാത്രമാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി വാര്‍ത്താക്കുറിപ്പും ഇറക്കി. കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നലെ രാത്രി തന്നെ ഗ്രൂപ്പ് ചര്‍ച്ച നടന്നു. ഇന്ന് പൊതുചര്‍ച്ച നടക്കും.

രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ന്യൂനപക്ഷ അഭിപ്രായം മാത്രമാണ് യെച്ചൂരി അവതരിപ്പിച്ചതെന്ന് പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ടും രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച ശേഷം ഇറക്കിയ വാര്‍ത്താക്കുറിപ്പിലും അറിയിച്ചു. ഇത് കേന്ദ്ര കമ്മിറ്റിയുടെ അനുമതിയോടെയാണ്. ഔദ്യോഗിക കരട് പ്രമേയത്തില്‍ മാത്രമാണ് ചര്‍ച്ച നടക്കുകയെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

സഖ്യമോ ധാരണയോ ഇല്ലെന്ന്
ഔദ്യോഗിക നയം

കോണ്‍ഗ്രസുമായി യാതൊരു തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല. കോണ്‍ഗ്രസ് ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ട്ടിയാണ്. അവരുമായി ഒരു രാഷ്ട്രീയ ധാരണയും സാധ്യമല്ല. തിരഞ്ഞെടുപ്പ് അടവ് നയവും രാഷ്ട്രീയ നയവും തമ്മില്‍ കൂട്ടിക്കുഴക്കരുത്. തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുക്കാറുണ്ട്. ആസന്നമായ കര്‍ണാടക തിരഞ്ഞെടുപ്പിലും ഇതാണ് നിലപാട്. ഇത്തരം രീതി പിന്തുടരുകയല്ലാതെ കോണ്‍ഗ്രസുമായി മറ്റു തിരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കുന്നത് ആത്മഹത്യപരമാണ്. നേരത്തെ പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ വന്ന ഇരുനൂറോളം ഭേദഗതികളും കാരാട്ട് അവതരിപ്പിച്ചു. അന്താരാഷ്ട്ര വിഷയങ്ങളിലാണ് ഭേദഗതികള്‍ കൂടുതല്‍ വന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിപക്ഷ ഐക്യം
ദുര്‍ബലപ്പെടുത്തരുതെന്ന് യെച്ചൂരി

കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസുമായി ഒരു സഖ്യവും വേണ്ട. എന്നാല്‍, ഒരു ധാരണയും വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ എഴുതിവെക്കരുതെന്ന് സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റിയോട് അവസരം ചോദിച്ച് വാങ്ങിയാണ് ഈ നിലപാട് അവതരിപ്പിക്കുന്നത്. താന്‍ കോണ്‍ഗ്രസ് അനുകൂലിയല്ല, അങ്ങനെയൊരു പ്രചാരണം നടക്കുന്നു. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി നിലപാട് എന്ത് എന്ന ചോദ്യത്തിന് ഉത്തരം വേണം. ധാരണ പോലും വേണ്ടെന്ന് എഴുതി വെക്കുന്നതില്‍ തെറ്റില്ല. പക്ഷേ, നയത്തില്‍ എഴുതിവെച്ചാല്‍ പിന്നെ പിന്നാക്കം പോകാന്‍ പറ്റില്ല. വാതില്‍ പൂര്‍ണമായി അടച്ചുവെക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ യോജിപ്പ് വേണം. പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തരുത്. പ്രതിപക്ഷം ശിഥിലമായാല്‍ ബി ജെ പി ജയിക്കുന്ന സാഹചര്യമുണ്ടാകും. രാജ്യത്ത് അനുദിനം മാറുന്ന സാഹചര്യം മനസ്സിലാക്കണം. ഇത് ഉള്‍ക്കൊണ്ട് രാഷ്ട്രീയ പ്രമേയം തിരുത്തണം. ബി ജെ പിയെ നേരിടാന്‍ സഹായകരമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടത്. ബംഗാള്‍, ത്രിപുര, കേരളം സംസ്ഥാനങ്ങളില്‍ ബി ജെ പിയും ആര്‍ എസ് എസും ഉയര്‍ത്തുന്ന വെല്ലുവിളി കാണാതെ പോകരുത്.

കേരളം കാരാട്ടിനൊപ്പം

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന് കേരള ഘടകത്തിന്റെ ഉറച്ച നിലപാട്. പി ബിയിലും കേന്ദ്ര കമ്മിറ്റിയിലും വിഷയം ചര്‍ച്ചയായപ്പോള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുചര്‍ച്ചയിലും കേരളം ഈ നിലപാട് ആവര്‍ത്തിക്കും. കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ ഇന്ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് പങ്കെടുക്കുന്നത്. 45 മിനുട്ടാണ് കേരളത്തിലെ പ്രതിനിധികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കെ എന്‍ ബാലഗോപാല്‍, കെ കെ രാഗേഷ്, പി രാജീവ് എന്നിവരാണ് കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എം വി ഗോവിന്ദനെ ടീം ലീഡറായി തിരഞ്ഞെടുത്തു.