Connect with us

National

സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന് പ്രൗഢ തുടക്കം

Published

|

Last Updated

ഹൈദരാബാദ്: ബി ജെ പിക്കെതിരെ യോജിച്ച പോരാട്ടത്തിനുള്ള ആഹ്വാനവുമായി സി പി എം 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന് പ്രൗഢമായ തുടക്കം. ഹൈദരബാദ് ബാഗലിംഗപള്ളിയില്‍ ഇടത് പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
തെലങ്കാന സമരപോരാളിയും മുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം മുഹമ്മദ് അമീന്‍ നഗറില്‍ ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ഔപചാരിക തുടക്കമായത്. രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായി.

തെലങ്കാനയുടെ തനത് കലാരൂപങ്ങളും വിപ്ലവ ഗാനങ്ങളും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. മണിക് സര്‍ക്കാര്‍ അനുശോചന പ്രമേയവും പി ബി അംഗം ബി വി രാഘവുലു സ്വഗതവും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, സി പി ഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദിപന്‍ഖര്‍ ഭട്ടാചാര്യ, ഫോര്‍വേര്‍ഡ് ബ്ലോക്ക് സെക്രട്ടറി ജി ആര്‍ ശിവശങ്കര്‍, ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം മനോജ് ഭട്ടാചാര്യ, എസ് യു സി ഐ. പി ബി അംഗം അസിത് ഭട്ടാചാര്യ തുടങ്ങിയവര്‍ സംസാരിച്ചു. സി പി എം സ്ഥാപക നേതാക്കളായ വി എസ് അച്യുതാനന്ദന്‍, എന്‍ ശങ്കരയ്യ എന്നിവരെ ആദരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 780 പ്രതിനിധികളും 70 ഓളം നിരീക്ഷകരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പി ബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേരളത്തില്‍ നിന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് പുറമെ അമ്‌റാ റാം, മുഹമ്മദ് യൂസഫ് തരിഗാമി, ജെ പി ഗാവിട്ട്, മിനാട്ടി ഘോഷ്, എസ് വീരൈ എന്നിവരും പ്രസീഡിയത്തിലുണ്ട്.

പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കണ്‍വീനറും ധന മന്ത്രി തോമസ് ഐസക്, ഡോ. ഹേമലത, നിലോട്ട്പാല്‍ ബാസു, ഡോ. വി കെ രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ പ്രമേയ കമ്മിറ്റിയും യു വാസുകി കണ്‍വീനറും കെ എന്‍ ബാലഗോപാല്‍, ജിതേന്ദ്ര ചൗധരി, ജിബേഷ് സര്‍ക്കാര്‍ എന്നിവരുള്‍പ്പെട്ട ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും ജെ എസ് മസുംദാര്‍, എം ഉമേഷ്, എം ശര്‍മ, ജെയ്ക് സി തോമസ്, സോംനാഥ് ഭട്ടാചാര്യ, മധു, മൈമുന മൊല്ലാഹ് എന്നിവരടങ്ങുന്ന മിനിട്ട്‌സ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി. രാത്രിയോടെ സമ്മേളനം ഗ്രൂപ്പ് ചര്‍ച്ചക്കായി പിരിഞ്ഞു. ഗ്രൂപ്പ് ചര്‍ച്ചക്കും പൊതുചര്‍ച്ചക്കും ശേഷം രാഷ്ട്രീയ പ്രമേയം അംഗീകരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള നാളെ അവതരിപ്പിക്കും. 22നാണ് പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ തിരഞ്ഞെടുപ്പുകള്‍. ശേഷം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും. അവസാന ദിവസമായ 22ന് ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പുതിയ ജനറല്‍ സെക്രട്ടറി പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്യും.

---- facebook comment plugin here -----

Latest