കാറിന് തീപിടിച്ച് രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു അല്‍ മജാസില്‍ കത്തിനശിച്ച കാര്‍

Posted on: April 18, 2018 10:19 pm | Last updated: April 18, 2018 at 10:19 pm
കാറിന് തീപിടിച്ച് രണ്ട് പേര്‍ക്ക് സാരമായി പൊള്ളലേറ്റു
അല്‍ മജാസില്‍ കത്തിനശിച്ച കാര്‍

ഷാര്‍ജ: ഷാര്‍ജയില്‍ കാറിന് തീ പിടിച്ച് രണ്ട് അറബ് വംശജര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അല്‍ മജാസില്‍ സ്റ്റാര്‍ബക്ക്‌സിന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചാണ് ഇറാഖ്, സിറിയന്‍ വംശജരായ രണ്ട് പേര്‍ക്കുസാരമായി പൊള്ളലേറ്റത്.

രാവിലെ 11.17നാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 10 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി.

തീപിടിച്ച കാറിനരികിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രദ്ധിച്ചത് വന്‍ അപകടം ഒഴിവാക്കി. തീ പിടിച്ച കാറിന് വലത് വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു.

പൊള്ളലേറ്റവര്‍ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രവപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേസ് ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റിന് കൈമാറി.