വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പോലീസുകാര്‍ അറസ്റ്റില്‍

ഹൈക്കോടതി വിശദീകരണം തേടി
Posted on: April 18, 2018 9:44 pm | Last updated: April 19, 2018 at 12:17 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന സംശയം നിലനില്‍ക്കെ, സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ ടി എഫ് സ്‌ക്വാഡിലെ അംഗങ്ങളായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. അന്വേഷണത്തലവന്‍ ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത ശേഷം ഇന്നലെ രാത്രി 7.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. കേസില്‍ നേരത്തെ ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം ആറിന് രാത്രി ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് അറസ്റ്റിലായ ആര്‍ ടി എഫ് ഉദ്യോഗസ്ഥരായിരുന്നു.

അതിനിടെ, പറവൂര്‍ സി ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളായേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍, സംഭവത്തില്‍ ആലുവ റൂറല്‍ എസ് പിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. അറസ്റ്റിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ക്രൈം ബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയെല്ലാം അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ വിശദീകരണം കൂടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും ഐ ജി അറിയിച്ചു.

ശ്രീജിത്തിന്റെ കുടുംബാംഗങ്ങളുടെയും കൂട്ടുപ്രതികളുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രാത്രി വീട്ടിലെത്തിയ ആര്‍ ടി എഫ് സംഘം മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയതെന്നാണ് ഭാര്യ അഖില മൊഴി നല്‍കിയിരുന്നത്.
ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റിരുന്നതായും മര്‍ദനത്തില്‍ ചെറുകുടല്‍ തകര്‍ന്നതാണ് മരണകാരണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് പറഞ്ഞതായി ചികിത്സിച്ച ഡോക്ടര്‍മാരും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വരാപ്പുഴ വീട് ആക്രമണ കേസുമായി ബന്ധപ്പെട്ട് പറവൂര്‍ മജിസ്‌ട്രേറ്റിനെതിരായ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാത്തതിന് കാരണം വിശദമാക്കാനാണ് കോടതി ആവശ്യം.

ഈ മാസം ഏഴിനാണ് പ്രതികളെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചത്. ഈ സമയം റിമാന്‍ഡ് ചെയ്യാതെ ശ്രീജിത്ത് അടക്കമുള്ള പ്രതികളെ ജഡ്ജി തിരിച്ചയച്ചുവെന്നാണ് വരാപ്പുഴ എസ് പിയുടെ പരാതി. കസ്റ്റഡിയില്‍ എടുത്തതിന്റെ അടുത്ത ദിവസമാണ് ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചതെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.