മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി; തമിഴ്‌നാട് ഗവര്‍ണര്‍ മാപ്പ് പറഞ്ഞു

Posted on: April 18, 2018 2:03 pm | Last updated: April 18, 2018 at 6:47 pm

ചെന്നൈ: മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തലോടിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞു. തന്റെ പ്രവൃത്തിക്ക് മറ്റൊരു അര്‍ഥം കല്‍പ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ അഭിനന്ദിക്കുകയായിരുന്നു താന്‍. ഒരു കൊച്ചുമകളോടെന്നെ പോലെയാണ് കവിളില്‍ സ്പര്‍ശിച്ചത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകക്കുണ്ടായ അപമാനത്തില്‍ മാപ്പ് ചോദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകക്ക് അയച്ച കത്തില്‍ വ്യകതമാക്കി.

ചെന്നൈയില്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനൊടുവിലായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ കോളജ് അധ്യാപിക വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോള്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടുകയായിരുന്നു. സര്‍വകലാശാല അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ അധ്യാപിക പ്രേരിപ്പിച്ചെന്ന വിവാദത്തില്‍ തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നതിനാണ് 78 കാരനായ ബന്‍വാരി ലാല്‍ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തതോടെ വിവാദം കത്തി. പലവട്ടം ഞാന്‍ മുഖം കഴുകി. ഒരു പാട് മനോവിഷമവും ദേഷ്യവും തോന്നുന്നു. എനിക്ക് ഇതില്‍ നിന്ന് മോചിതയാകാന്‍ കഴിയുന്നില്ല. മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, നിങ്ങള്‍ക്ക് അത് മുത്തച്ഛന്റെ സ്‌നേഹപ്രകടനം ആയിരിക്കാം പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്- മാധ്യമപ്രവര്‍ത്തക ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന്് ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി. സംഭവത്തില്‍ ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് ചെന്നൈ പ്രസ്‌ക്ലബ് ആവശ്യപ്പെട്ടിരുന്നു.