കത്വ സംഭവം രാജ്യത്തിന് അപമാനം: രാഷ്ട്രപതി

Posted on: April 18, 2018 12:45 pm | Last updated: April 18, 2018 at 3:11 pm

ന്യൂഡല്‍ഹി: ജമ്മുവിലെ കത്വയില്‍ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സുരക്ഷക്കാണ് മുഖ്യ പരിഗണന, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയിലാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, രാഷ്ട്രപതിയെ ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ഇത് രണ്ടാം തവണയാണ് രാംനാഥ് കോവിന്ദ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.