Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെ പിടികൂടിയത് ആളുമാറി തന്നെയെന്ന് സ്ഥിരീകരിച്ചു

Published

|

Last Updated

കൊച്ചി: വരാപ്പുഴ വീട് ആക്രമണ കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്തോ സഹോദരന്‍ സജിത്തോ ഇല്ലെന്നും വാസുദേവന്റെ സഹോദരന്‍ ഗണേശന്‍ കാണിച്ചുകൊടുത്തവരെയെല്ലാം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ മനംനൊന്താണ് വാസുദേവന്‍ ആത്മഹത്യ ചെയ്തത്. തലേദിവസം അമ്പലപ്പറമ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വീടാക്രമണം. ആലുവ റൂറല്‍ എസ് പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് വീട് ആക്രമിച്ച സംഭവത്തില്‍പ്പെട്ടവരെ കസ്റ്റഡിയിലെടുത്തത്. അക്രമിച്ചവരെ തിരിച്ചറിയാനായി ആര്‍ ടി എഫ് ഉദ്യോഗസ്ഥര്‍ ഒപ്പം കൂട്ടിയത് വാസുദേവന്റെ സഹോദരന്‍ ഗണേശനെയായിരുന്നു. അക്രമത്തില്‍ പങ്കെടുത്തവരെ നേരില്‍ കാണാത്ത ഗണേശന്‍ തനിക്ക് സംശയം തോന്നിയവരെയെല്ലാം കാണിച്ചു കൊടുത്തുവെന്നും അവരെയെല്ലാം കസ്റ്റഡിയിലെടുത്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.
.
വീട് ആക്രമിക്കപ്പെട്ട സമയം ശ്രീജിത്തും സഹോദരന്‍ സജിത്തും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. തലേദിവസം അമ്പലപ്പറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സുമേഷിനെ സഹായിക്കുന്നതിനായി പറവൂരിലെ ആശുപത്രിയിലായിരുന്നു സജിത്ത്. ശ്രീജിത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം സംഭവ സമയം ഇയാള്‍ സ്വന്തം വീട്ടിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.