Connect with us

Kerala

സ്വര്‍ണവില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

Published

|

Last Updated

കോഴിക്കോട്: സ്വര്‍ണവില ഒന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ നാല് ദിവസമായി പവന് 23200 രൂപയാണ്.ഒന്നര വര്‍ഷം മുമ്പാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2016 ആഗസ്തിലാണ് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. ആഗസ്ത് 18 മുതല്‍ 24 വരെ ദിവസങ്ങളില്‍ 23480 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 2935 രൂപ. അതിനു ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

എന്നാല്‍ സ്വര്‍ണത്തിന് ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് 2012 ലാണ്. സെപ്തംബര്‍ 14,15 ,16 തീയതികളില്‍ 24160 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 3020 രൂപ. 2011ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും 2015 ആഗസ്റ്റ് മാസത്തിലാണ്-18720 രൂപ. 2011 ആഗസ്റ്റിലാണ് സ്വര്‍ണവില 20,000 രൂപക്കു മുകളിലേക്ക് ഉയര്‍ന്നത്. രണ്ട് വര്‍ഷത്തോളം ഇത് തുടര്‍ന്നു. 2013 ഏപ്രിലില്‍ നിരക്ക് 20000 രൂപയില്‍ നിന്നും കുറഞ്ഞു. ആ വര്‍ഷം ജൂലൈയില്‍ വില വീണ്ടും കുതിച്ചുയര്‍ന്നു. ഒക്‌ടോബര്‍ മാസത്തോടെ 23.280 രൂപയിലെത്തി. 2014 മേയിലാണ് വീണ്ടും കുറവ് വന്നത്.ഡിസംബറില്‍ വില 20200 രൂപ വരെയായി. 2015 മാര്‍ച്ച് മാസത്തോടെയാണ് വീണ്ടും 20000 രൂപയില്‍ തഴെയെത്തിയത്. 2015 ഡിസംബറില്‍ 19080 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടിയ വില 22720 രൂപയും (സെപ്തംബര്‍) കുറഞ്ഞ വില 20720 രൂപ(ജൂലൈ) യുമായിരുന്നു.

സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് അമ്പത് രൂപയില്‍ താഴെയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. 1970കളില്‍ നൂറ് രൂപക്കു മുകളിലും 80കളില്‍ 1000 രൂപക്ക് മുകളിലും 1990 നുശേഷം 2000 രൂപക്കു മുകളിലുമായി. 2000ത്തില്‍ 3212, 2005ല്‍ 4550, 2010ല്‍ 12280 എന്നിങ്ങനെയായി സ്വര്‍ണവില കുതിച്ചുയര്‍ന്നു.