മക്ക മസ്ജിദ്: പ്രധാന തെളിവായ ചുവന്ന ഷര്‍ട്ട് അപ്രത്യക്ഷമായതില്‍ ദുരൂഹത

Posted on: April 18, 2018 6:07 am | Last updated: April 17, 2018 at 11:19 pm

ഹൈദരാബാദ്: 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് ആരോപണവിധേയരെയും വെറുതെ വിട്ടതിന് പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവമാണ്. എന്നാല്‍, നേരത്തെ പ്രധാന തെളിവായി കരുതപ്പെട്ട സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്ത ചുവന്ന ഷര്‍ട്ട്, 2011ല്‍ സി ബി ഐയില്‍ നിന്ന് കേസ് ഏറ്റെടുത്ത എന്‍ ഐ എക്ക് മുമ്പിലെത്തിയില്ലെന്നത് ദുരൂഹതയായി തുടരുകയാണ്. ബോംബ് സ്ഥാപിച്ചതിലൊരാളുടെതാണ് ഈ ഷര്‍ട്ടെന്നാണ് സൂചന. എന്നാല്‍, എന്‍ ഐ എ അന്വേഷണത്തില്‍ ഇത് അപ്രത്യക്ഷമായി. ആദ്യഘട്ടത്തില്‍ കേസിന് മേല്‍നോട്ടം വഹിച്ച എന്‍ ഐ എ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്‍ ആര്‍ വാസന്‍, ചുവന്ന ഷര്‍ട്ട് തെളിവാണെന്നതും എന്‍ ഐ എയിലേക്ക് എത്തിയില്ലെന്നതും സ്ഥിരീകരിക്കുന്നു. ഷര്‍ട്ടിന് എന്തു സംഭവിച്ചുവെന്നോ ഇത് മാറ്റിവെച്ചതിന് പിന്നില്‍ ആരാണെന്നോ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

2007 മെയ് 18ന് ബോംബുള്ള രണ്ട് ബാഗുകളാണ് മസ്ജിദില്‍ ഉപേക്ഷിച്ച് പോയത്. ഒരു ബോംബാണ് പൊട്ടിയത്. രണ്ടാമത്തെ ബാഗില്‍ നിന്ന് പൊട്ടാത്ത ഐ ഇ ഡി ബോംബും താക്കോലും ചുവന്ന ഷര്‍ട്ടും പോലീസ് കണ്ടെടുത്തു. ഒരു കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് സി ബി ഐ അന്വേഷണം എന്‍ ഐ എക്ക് കൈമാറുന്നത്. 2010ല്‍ കേസ് ഏറ്റെടുത്ത എന്‍ ഐ എ മൂന്ന് കുറ്റപത്രം സമര്‍പ്പിച്ചു. സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, രാമചന്ദ്ര കല്‍സാഗ്ര, സന്ദീപ് ഡാംഗെ, രാജേന്ദ്ര ചൗധരി, ഭാരത് രതിഷ്‌വാര്‍, ലോകേഷ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പേപ്പറുകളും സി ബി ഐയില്‍ നിന്ന് ലഭിച്ചെങ്കിലും ചുവന്ന ഷര്‍ട്ട് എത്തിയില്ലെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പറയുന്നു.

രാജേന്ദ്ര ചൗധരിയും തേജ്‌റാം പര്‍മറും ചേര്‍ന്നാണ് മസ്ജിദില്‍ ബോംബ് സ്ഥാപിച്ചത്. പാര്‍മര്‍ വെച്ച ബാഗിലുള്ള ബോംബ് പൊട്ടിയില്ല. ഇതില്‍ നിന്നാണ് ചുവന്ന ഷര്‍ട്ട് കണ്ടെടുത്തത്. എന്നാല്‍, അറസ്റ്റ് ചെയ്തിട്ടും പാര്‍മറിനെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചെങ്കിലും ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെതിരെ പ്രത്യേക കുറ്റപത്രവും എന്‍ ഐ എ സമര്‍പ്പിച്ചില്ല. ഗൂഢാലോചന പൂര്‍ണമാക്കാന്‍ ആര്‍ എസ് എസ് മുന്‍ പ്രചാരക് സുനില്‍ ജോഷിക്ക് അസീമാനന്ദയും ഇന്ദ്രേഷ് കുമാറും ധനസഹായം നല്‍കിയെന്ന് 2011 ഏപ്രില്‍ ആറിന് എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, ഇന്ദ്രേഷിനെതിരെ വിചാരണക്ക് പറ്റിയ തെളിവില്ലെന്ന് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു. അസീമാനന്ദയും ഇന്ദ്രേഷ് കുമാറും നല്‍കിയ പണം കൊണ്ട് സ്‌ഫോടനത്തിന് വേണ്ട സാധനസാമഗ്രികള്‍ സംഘടിപ്പിക്കാനും സഹായികള്‍ക്ക് പ്രതിഫലം നല്‍കാനും സുനില്‍ ജോഷി ഇന്‍ഡോര്‍, ജയ്പൂര്‍, ശബരി ധാം, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ സ്വാമി അസീമാനന്ദ നടത്തിയ കുറ്റസമ്മത മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ഇത് തയ്യാറാക്കിയത്. ഇത് പിന്നീട് അസീമാനന്ദ മാറ്റിപ്പറഞ്ഞു. ആരോപണവിധേയരുടെ ഫോണ്‍ വിളികളും ഇവരുടെ കൂടിച്ചേരലിന് സഹായമൊരുക്കിയവരുടെയോ പങ്കെടുത്തവരുടെയോ സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് ഗൂഢാലോചനാ കുറ്റങ്ങള്‍ ചുമത്തിയത്. എന്നാല്‍ അധിക സാക്ഷികളും കോടതിയില്‍ കൂറുമാറി.