Connect with us

Gulf

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരം കാണല്‍ പദ്ധതി: മന്ത്രിസഭയുടെ പച്ചക്കൊടി

Published

|

Last Updated

ദുബൈ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരം കാണാന്‍ അനുമതി നല്‍കുന്ന നിര്‍ദിഷ്ട വിസ നിയമത്തിനു യു എ ഇ മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും നഗരങ്ങളിലെ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാനാണ് പദ്ധതി. ഇതേക്കുറിച്ചു പഠിക്കാന്‍ ഫെഡറല്‍ ഐഡന്റിറ്റി അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരു കര്‍മ സമിതി രൂപവത്കരിക്കണമെന്നു മന്ത്രിസഭ നിര്‍ദേശം നല്‍കി. യു എ ഇ വിമാനത്താവളങ്ങളില്‍ എത്തുന്നവരില്‍ 70 ശതമാനം ട്രാന്‍സിറ്റ് യാത്രക്കാരെന്നു കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടു വരുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിനോദ സഞ്ചാരത്തിലൂടെ രാജ്യത്തിന് വലിയ വരുമാനം നേടാനാകുമെന്നാണ് കണക്കു കൂട്ടല്‍. ദുബൈ എമിറേറ്റാണ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളത്തില്‍ ഓരോ മാസം 45 ലക്ഷം യാത്രക്കാര്‍ എത്തുന്നുവെന്നാണ് കണക്ക്. ചുരുങ്ങിയത് നാല് മണിക്കൂര്‍ വിമാനത്താവളത്തില്‍ ചെലവ് ചെയ്യുന്ന ട്രാന്‌സിറ്റുകാര്‍ക്കാണു പുറത്തിറങ്ങാന്‍ അനുമതി ലഭിക്കുക. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ ശരാശരി ആയിരം ദിര്‍ഹം ചെലവ് ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. വിമാനത്താവളത്തിനകത്തു ശരാശരി ഒമ്പതു ദിര്‍ഹമാണ് ചെലവ് ചെയ്യുന്നത്.

ഇ-വിസ ഫീസ്, മറ്റു കാര്യങ്ങള്‍ എന്നിവ പുതിയ സമിതി തീരുമാനിക്കും. യൂറോപ്പിലേക്കും മറ്റും ദുബൈ വഴി പോകുന്ന യാത്രക്കാര്‍ക്കാണ് പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുക. യു എ ഇയിലുള്ള ബന്ധുക്കളെയും മറ്റും ഒരു ദിവസം സന്ദര്‍ശിക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.

Latest