ജി സി സി ഭക്ഷ്യസുരക്ഷാ വാരാചരണത്തിന് തുടക്കം

 
Posted on: April 17, 2018 10:10 pm | Last updated: April 17, 2018 at 10:10 pm
ദുബൈ നഗരസഭാ ആസ്ഥാനത്ത് ജി സി സി ഭക്ഷ്യസുരക്ഷാ വാരാചാരണം നഗരസഭാ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജി സി സി ഭക്ഷ്യസുരക്ഷാ വാരാചാരണത്തിന് തുടക്കമായി. നഗരസഭാ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ഐക്ക, അല്‍ മറായി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ബാസ്‌കിന്‍ റോബിന്‍സ്, യുബര്‍ ഈറ്റ്‌സ്, പി എച്ച് 7 കാറ്ററിംഗ് തുടങ്ങിയവരുമായി സഹകരിച്ച് നഗരസഭാ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകള്‍ നല്‍കി. അടുക്കള സുരക്ഷാ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനായി നഗരസഭാ റിസപ്ഷന്‍ ലോഞ്ചില്‍ ഐക്ക, അടുക്കളയുടെ മോഡലും സ്ഥാപിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ മത്സരങ്ങളിലെ വിജയികള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വൗച്ചറുകള്‍ സമ്മാനിച്ചു.

ഭക്ഷ്യസുരക്ഷാ ട്രെന്‍ഡുകള്‍ സംബന്ധിച്ച് നാളെ (ബുധന്‍) നഗരസഭയുടെ ആഭിമുഖ്യത്തില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിക്കും. രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് സെമിനാര്‍. ഭക്ഷ്യസുരക്ഷാ മേഖലയിലെ വിദഗ്ധരും ഭക്ഷ്യോത്പന്ന കമ്പനി, പഞ്ചനക്ഷത്ര ഹോട്ടല്‍, റെസ്റ്റോറന്റ്, മറ്റു ഭക്ഷ്യശൃംഖലകള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചു.

19ന് നഗരസഭാ അല്‍ തവാര്‍ സെന്ററില്‍ റെസ്റ്റോറന്റ് പ്രതിനിധികള്‍ക്ക് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ശില്‍പശാല സംഘടിപ്പിക്കും. ഭക്ഷ്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകും. വിവിധ ഭാഷകളിലായി നഗരസഭാ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ക്ലാസെടുക്കും.