Connect with us

Gulf

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ നാളെ മുതല്‍ ഇനി കുരുന്നുകളുടെ വായനാദിനങ്ങള്‍

Published

|

Last Updated

ഷാര്‍ജ: പുതുമയാര്‍ന്ന പുസ്തകങ്ങള്‍, മികച്ച എഴുത്തുകാരുടെ സാന്നിധ്യം, കുട്ടികള്‍ക്ക് പ്രത്യേകമായി ആസ്വദിക്കാവുന്ന കലാപരിപാടികള്‍ തുടങ്ങി ലോകത്തിന് വായനയുടെ ഉന്നത തലം ഒരുക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ നാളെ മുതല്‍. പതിനൊന്ന് ദിവസം നീളുന്ന പുസ്തക മേള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നടക്കുക. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘാടകര്‍. നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിന്റെ ദൂരെ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടികള്‍ ഈ മാസം 28 വരെ നീണ്ടുനില്‍ക്കും. കുട്ടികളുടെ കലാസ്വാദനത്തിനും വായനയുടെ പുതു ലോകം ഒരുക്കുന്നതിനുമുള്ള പ്രത്യേക പരിപാടികളോടൊപ്പം എല്ലാ വിഭാഗക്കാര്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള വിനോദ പരിപാടികളും ഈ വര്‍ഷം അരങ്ങേറുന്നുണ്ട്. വിവിധങ്ങളായ ആശയങ്ങളും അനുഭവങ്ങളും പകരുന്ന 26,00 സാംസ്‌കാരിക പരിപാടികളാണ് ഈ വര്‍ഷം അരങ്ങേറുകയെന്ന് സംഘാടകര്‍ പറഞ്ഞു. 18 അറബ് രാജ്യങ്ങള്‍, ഇന്ത്യ, യു കെ, അമേരിക്ക തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പ്രസാധകരും വിവിധ സാഹിത്യ പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകുന്നുണ്ട്. 121 രാജ്യങ്ങളില്‍ നിന്നായി കവികളും സാഹിത്യകാരന്മാരുമടക്കം 286 പ്രമുഖ എഴുത്തുകാരാണ് ഫെസ്റ്റിവലില്‍ എത്തുക. ഇന്ത്യയില്‍ നിന്ന് വരുണ്‍ പൃഥ്വിയും മേളയുടെ ഭാഗമാകുന്നുണ്ട്. ഈ വര്‍ഷത്തെ റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികള്‍ക്ക് പ്രത്യേകമായി ത്രിമാന പുസ്തക മേള ഒരുക്കുന്നുണ്ട്. വായനയുടെ പുതു ലോകത്തെ അറിയിക്കുന്നതിന് അക്ഷരങ്ങളെ അനുഭവിച്ചറിയുക എന്ന സവിശേഷതയും അക്ഷരങ്ങളുടെ യഥാര്‍ഥ രൂപങ്ങളെ വായനക്കാരന്റെ കാഴ്ചയില്‍ മികവുറ്റ രീതിയില്‍ ഒരുക്കുന്നതിനുമാണ് ത്രിമാന പുസ്തകമേള രൂപപ്പെടുത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.

കുരുന്നു സന്ദര്‍ശകരുടെ രുചി ആസ്വാദനങ്ങളെ പ്രലോഭിപ്പിക്കുന്നതിന് ഇന്ത്യന്‍ ടെലിവിഷന്‍ താരവും നാലു വയസുകാരനുമായ പാചക വിദഗ്ധന്‍ ജിഹാന്‍ റസ്ദാന്‍ അവതരിപ്പിക്കുന്ന കുക്കറി ഷോയും ഈ വര്‍ഷത്തെ റീഡിങ് ഫെസ്റ്റിവല്‍ പരിപാടികളെ ആകര്‍ഷണീയമാക്കും. പൊതു ജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമൊരുക്കുന്ന പരിപാടികള്‍ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. വൈകീട്ട് എട്ടു മണി വരെയാണ് സന്ദര്‍ശക സമയം. വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 മണി വരെയും സന്ദര്‍ശകരെ അനുവദിക്കും.