കറന്‍സി ക്ഷാമം: 500 രൂപാ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കുന്നു

Posted on: April 17, 2018 7:40 pm | Last updated: April 17, 2018 at 9:59 pm

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി നോട്ടുകളുടെ ക്ഷാമം വര്‍ധിച്ച സാഹചര്യത്തില്‍ അഞ്ഞൂറ് രൂപാ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ അച്ചടിക്കുന്നതിന്റെ അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം. ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഖാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ് അച്ചടി വര്‍ധിപ്പിക്കാനുള്ള നീക്കം.

നിലവില്‍ ദിനംപ്രതി അഞ്ഞൂറ് കോടി രൂപാ മൂല്യമുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ച് ദിനംപ്രതി 2500 കോടി രൂപാ മൂല്യമുള്ള അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ അച്ചടിക്കാനാണ് പുതിയ തീരുമാനമെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഖ് അറിയിച്ചു. രാജ്യത്ത് കറന്‍സി ക്ഷാമം ഉണ്ടെന്ന പ്ര്ചാരണം അടിസ്ഥാന രഹിതമാണെന്നും നോട്ട് നിരോധന കാലത്തുണ്ടായിരുന്നതിനേക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നോട്ട് ക്ഷാമം രൂക്ഷമാണെന്നുള്ള റിപ്പോര്‍ട്ടുകളുള്ളത്.