Connect with us

National

എ ടി എമ്മുകള്‍ കാലി; വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം

Published

|

Last Updated

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമം രൂക്ഷമായി. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നോട്ട് നിരോധന കാലത്തെ അനുസ്മരിപ്പിക്കും വിധം എ ടി എമ്മുകള്‍ കാലിയായി കിടക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, ബി ജെ പി ഭരണത്തിലുള്ള രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവക്ക് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായത്. ഹൈദരാബാദ്, വാരാണസി നഗരങ്ങളില്‍ ഒരാഴ്ചയായി എ ടി എമ്മുകള്‍ പൂര്‍ണമായി കാലിയായി കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ബേങ്കിംഗ് സംവിധാനം തകര്‍ത്തുവെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യം ഒരിക്കല്‍ കൂടി നോട്ട് നിരോധന ഭീകരതയുടെ പിടിയില്‍ അമര്‍ന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നീരവ് മോദി 30,000 കോടിയുമായി രാജ്യം വിട്ടിട്ടും ഒരക്ഷരം ഉരിയാടാത്ത മോദി, നമ്മുടെ പോക്കറ്റിലുണ്ടായിരുന്ന അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പോക്കറ്റടിച്ച് നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തുവെന്നും രാഹുല്‍ പരിഹസിച്ചു. മോദി വിദേശ യാത്ര ആസ്വദിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ നോട്ടിന് വേണ്ടി ബേങ്കുകള്‍ തേടി ഓടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും ആരോപിച്ചു. 2016ല്‍ നോട്ട് നിരോധനമുണ്ടായപ്പോഴും ഇപ്പോള്‍ നോട്ട് ക്ഷാമമുണ്ടായിട്ടും നോട്ടിന് ഒരു ക്ഷാമവുമില്ലാത്ത പാര്‍ട്ടി ബി ജെ പിയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ജനങ്ങള്‍ക്ക് ബേങ്കുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ തെളിവാണ് കറന്‍സി ക്ഷാമമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബേങ്ക് തട്ടിപ്പ് പെരുകുന്നതും ബേങ്കുകള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പരിധി കുറച്ചതും ഇതിന് കാരണമായെന്നും ഐസക് വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. രാജ്യത്തെ കറന്‍സി ക്ഷാമം സംബന്ധിച്ച് അവലോകനം നടത്തിയെന്നും ആവശ്യത്തിലധികം വിനിമയം നടത്താനുള്ള കറന്‍സി രാജ്യത്തുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അസാധാരണവും പെട്ടെന്നുമുണ്ടായ ഉപയോഗത്തിലെ വര്‍ധനവാണ് താത്കാലികമായ നോട്ട് ക്ഷാമത്തിന് ഇടയാക്കിയത്. ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിലവിലെ നോട്ട് ക്ഷാമം അഞ്ച് മുതല്‍ ഏഴ് വരെ ദിവസം തുടരുമെന്ന് കേന്ദ്ര ധനകാര്യ ബേങ്കിംഗ് സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. രാജ്യത്തെ 85 ശതമാനത്തില്‍ അധികം എ ടി എമ്മുകളും പ്രവര്‍ത്തനയോഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ഞൂറ് രൂപ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചു

നിലവിലെ നോട്ട് ക്ഷാമം നേരിടുന്നതിനായി അഞ്ഞൂറ് രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര കാര്‍ഗ് പറഞ്ഞു. പ്രതിദിനം അഞ്ഞൂറ് കോടിയുടെ മൂല്യത്തിനുള്ള അഞ്ഞൂറിന്റെ നോട്ട് അടിച്ചിരുന്നത് ഇപ്പോള്‍ 2,500 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതിദിനം 2,500 കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരട്ടിയില്‍ അധികം അച്ചടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ സമ്മര്‍ദത്തെ നേരിടാന്‍ സര്‍ക്കാറിന്റെ കൈവശം ആവശ്യമായ നോട്ടുകളുണ്ടെന്നും ഇന്ത്യന്‍ ബേങ്കുകള്‍ സാമ്പത്തിക ഭദ്രതയുള്ളതും സുരക്ഷിതവുമാണെന്നും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് കറന്‍സിയുടെ ആവശ്യം അസാധാരണമായ തോതില്‍ വര്‍ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാസാന്ത ആവശ്യം 19,000-20,000 കോടിയായിരുന്നത് 40,000 മുതല്‍ 45,000 കോടിയായി ഉയര്‍ന്നിരുന്നു. രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും 6.7 ലക്ഷം കോടി മൂല്യത്തിനുള്ള രണ്ടായിരം രൂപ നോട്ടുകള്‍ നിലവില്‍ കമ്പോളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം സാധാരണ നിലയിലാക്കാന്‍ രണ്ട് വഴികളാണുള്ളത്, നോട്ടിന്റെ ആവശ്യം സാധാരണ നിലയിലാക്കുക എന്നതാണ് ആദ്യത്തെ വഴി. രണ്ടാമത്തേത് ആവശ്യത്തിനനുസരിച്ച് നോട്ട് ലഭ്യമാക്കുക എന്നതാണ്. രണ്ട് വഴികളും സര്‍ക്കാര്‍ പരീക്ഷിക്കുമെന്നും സുഭാഷ് ചന്ദ്ര കാര്‍ഗ് പറഞ്ഞു.

 

Latest