ആകാശത്തെ മുഴുവന്‍ പഠിക്കാന്‍ നാസയുടെ ടെസ് ഭ്രമണപഥത്തിലേക്ക്

Posted on: April 17, 2018 6:10 am | Last updated: April 17, 2018 at 12:12 am

വാഷിംഗ്ടണ്‍ ഡി സി: ഭൗമേതര ജീവികള്‍ക്ക് വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിന് നാസ സാറ്റലൈറ്റ് വിക്ഷേപിക്കുന്നു. ട്രാന്‍സിസ്റ്റിംഗ് എക്‌സ്പ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്(ടെസ്) ആണ് പുതിയ നാസ ദൗത്യവുമായി പുറപ്പെടുക. ദൗത്യത്തിനിടെ, നക്ഷത്രങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഗ്രഹങ്ങളെ ടെസ് അനലൈസ് ചെയ്യും. ഭൂമിയുടെ വലിപ്പമുള്ള 50 ഗ്രഹങ്ങളെയും മറ്റു 20,000ത്തിലധികം ഗ്രഹങ്ങളെയും കണ്ടെത്തി നിരീക്ഷിക്കാനാകുമെന്നാണ് നാസ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

സ്‌പെയ്‌സ് എക്‌സ് ഫാല്‍കന്‍ 9 റോക്കറ്റില്‍ ഫ്‌ളോറിഡയിലെ കേപ് കനവേറല്‍ സ്റ്റേഷനില്‍ നിന്നാണ് സാറ്റലൈറ്റ് വിക്ഷേപിക്കുകയെന്ന് നാസ അറിയിച്ചു. ലക്ഷ്യം വെക്കുന്ന ഓര്‍ബിറ്റില്‍ എത്താന്‍ രണ്ടാഴ്ച സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് ശേഷം ഇത് ചന്ദ്രനോട് കൂടുതല്‍ അടുക്കുകയും ചെയ്യും. രണ്ട് മാസത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം ടെസ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല നിരീക്ഷണം ആരംഭിക്കുമെന്നും നാസ അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആകാശം മുഴുവന്‍ പഠിക്കാന്‍ ടെസിനാകുമെന്നാണ് നാസയുടെ അവകാശവാദം. 200 മില്യന്‍ ഡോളര്‍ ചെലവുവരുന്നതാണ് സാറ്റലൈറ്റ്.