Connect with us

Kerala

രാജ്യത്തെ നൂറ് ഗ്രാമങ്ങളെ മര്‍കസ് ഏറ്റെടുക്കുന്നു

Published

|

Last Updated

കോഴിക്കോട്: വൈജ്ഞാനിക സേവന സാമൂഹിക ശാക്തീകരണ മുന്നേറ്റത്തില്‍ രാജ്യത്താകെ അതുല്യമായ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മര്‍കസിന്റെ സ്ഥാപക ദിനം നാളെ നടക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് മുഴുവന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികളാണ് മര്‍കസ് അവതരിപ്പിക്കുന്നത്.
മര്‍കസ് ഡേയില്‍ നടക്കുന്ന മുഖ്യ പദ്ധതിയാണ് മിഷന്‍ സ്മാര്‍ട്ട് വില്ലേജ് പദ്ധതി. രാജ്യത്തെ നൂറ് വില്ലേജുകള്‍ ഏറ്റെടുത്ത് സമഗ്ര വികസനത്തിന്റെ പാതയിലേക്ക് ആ ഗ്രാമനിവാസികളെ പരിവര്‍ത്തിപ്പിച്ചെടുക്കുയാണ് ഇതിലൂടെ മര്‍കസ് ചെയ്യുന്നത്. മര്‍കസ് ഡേയില്‍ പത്ത് ലക്ഷം നോട്ടുബുക്കുകള്‍ രാജ്യത്താകെ വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കം കുറിക്കും. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ തിരഞ്ഞെടുത്ത് അടുത്ത അക്കാദമിക വര്‍ഷത്തില്‍ പഠനസാമഗ്രികള്‍ വിതരണം ചെയ്യും. നാല് മുഖ്യപദ്ധതികള്‍ നടപ്പാക്കിയാണ് നൂറു വില്ലേജുകള്‍ക്ക് പുതിയ വെളിച്ചം നല്‍കുക. ഗ്രാമീണ സ്‌കൂളുകളുടെ ശാക്തീകരണം റൂറല്‍ സ്‌കൂള്‍ പ്രൊജക്ട് എന്ന പദ്ധതി വഴി സാധ്യമാക്കും.

ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതി സാമൂഹിക സാമ്പത്തിക അവിവൃദ്ധിക്കുള്ള പ്രത്യേക പ്രൊജക്ടുകളാണ്. വീടുകള്‍ നിര്‍മിച്ചു നല്‍കല്‍, കുടിവെള്ള പദ്ധതികള്‍ ഉണ്ടാക്കല്‍, ദിനേനയുള്ള ജീവിതത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ വരുമാനം കണ്ടെത്താനുള്ള വിവിധ തൊഴിലുകള്‍ക്ക് അവസരം നല്‍കലും തൊഴിലുപകരണങ്ങള്‍ വാങ്ങി നല്‍കലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

വിവിധ സമൂഹങ്ങളെ മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് ഉയര്‍ത്താന്‍ മൂന്നാമതായി നടപ്പിലാക്കുന്നത് കമ്മ്യൂണിറ്റി സര്‍വീസസ് ആന്‍ഡ് വെല്‍ഫെയര്‍ ആക്ടിവിറ്റീസ് എന്ന പദ്ധതിയാണ്. ആതുര ശുശ്രൂഷാ രംഗത്തു മാതൃകയായി അവശത അനുഭവിക്കുന്ന ചെറുതും വലുതുമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെ മെഡിക്കല്‍ ഉപകാരങ്ങളും മരുന്നും നല്‍കി സഹായിക്കുക, അനാഥകളെ ഏറ്റെടുത്ത് സമ്പൂര്‍ണമായി അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുകയും അവര്‍ക്കും മാതാവിനും ജീവിച്ചുപോകാന്‍ ആവശ്യമായ സാമ്പത്തിക പിന്തുണകളും അതിജീവനത്തിനും വൈജ്ഞാനിക അവസരങ്ങള്‍ക്കുമുള്ള ഗൈഡന്‍സ് നല്‍കുകയും ചെയ്യുക, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി പരിശീലനം നേടിയ അധ്യാപകരിലൂടെ അവരുടെ വ്യത്യസ്തമായ കഴിവുകള്‍ പുറത്തുകൊണ്ടുവന്ന് ആരോഗ്യകരവും സമ്പതൃപ്തിദായകവുമായ ഭാവി സമ്മാനിക്കുകയും അവര്‍ക്കാവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കുക എന്നിവയാണ് ഇതുവഴി നടപ്പാക്കുന്നത്.

കാര്‍ഷിക മേഖലയെ ശാക്തീകരിച്ചു ഗ്രാമീണ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലും വിഷമയമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ച് ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുകയുമാണ് നാലാമതായി ഗ്രാമ ശാക്തീകരണ ഭാഗമായി ചെയ്യുന്ന പദ്ധതി. കാര്‍ഷിക മേഖലയില്‍ പ്രകൃതി സൗഹൃദപരമായി ഇടപെടാനുള്ള പരിശീലനവും ആവശ്യമുള്ള വിവിധ ഭക്ഷ്യവസ്തുക്കളുടെ വിത്തുകളും ചെടികളും നല്‍കുക, കന്നുകാലികളെ നല്‍കി കാര്‍ഷിക ജീവിതം സമൃദ്ധമാക്കുകയും നിത്യവൃത്തി സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്.

സ്ത്രീ ശാക്തീകരണം സാധ്യമാക്കാന്‍ വ്യത്യസ്ത പദ്ധതികളും മര്‍കസ് ഏറ്റെടുക്കുന്ന ഗ്രാമങ്ങളില്‍ നടപ്പാക്കും. ടൈലര്‍ മെഷീന്‍ ഷോപ്പുകള്‍, കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവ വനിതകള്‍ക്ക് മാത്രമായി നിര്‍മിച്ചു നല്‍കും. സ്ത്രീകളുടെ സുരക്ഷിതത്വം കൂടി പരിഗണിച്ചുള്ള വിദ്യാഭ്യാസ പദ്ധതികള്‍ അവതരിപ്പിക്കും. വീട്ടില്‍ നിന്ന് ചെയ്യാവുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങി നല്‍കി പരിശീലനം നല്‍കും.

ഇന്ത്യയിലാകെ മര്‍കസ് ഓര്‍ഫന്‍ കെയര്‍ വഴി ഏറ്റെടുത്ത് പരിപാലിക്കുന്ന വിദ്യാര്‍ഥികളുടെ സംഗമവും ഫണ്ട് വിതരണവും മര്‍കസ് ഡേയില്‍ നടക്കും. നിലവില്‍ അയ്യായിരത്തോളം കുട്ടികളെയാണ് ഈ തരത്തില്‍ മര്‍കസ് ഏറ്റെടുത്ത് പരിപാലിക്കുന്നത്. ഈ കുട്ടികളുടെ മാനസിക വൈജ്ഞാനിക മുന്നേറ്റത്തിന് ആവശ്യമായ പ്രത്യേക ക്ലാസുകളും നാളെ നടക്കും. മര്‍കസ് ഖിദ്മയില്‍ അംഗങ്ങളായവരുടെ കുടുംബ സംഗമവും അവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും പരിപാടിയില്‍ നടക്കും. മര്‍കസിന്റെ അക്കാദമിക മുന്നേറ്റം അന്താരാഷ്ട്ര തലത്തില്‍ സാധ്യമാക്കാന്‍ നിദാനമായ ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും മര്‍കസ് കുല്ലിയ്യ കോളജ് സ്ഥാപകനുമായ സയ്യിദ് ഉമര്‍ മാലികി മക്കയുടെ അനുസ്മരണവും പരിപാടിയില്‍ നടക്കും.

നാളെ രാവിലെ 10ന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന പരിപാടിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഫലസ്തീന്‍ ഇന്ത്യ മിഷന്‍ ഡെപ്യൂട്ടി ചീഫ് ഡോ. വാലി അല്‍ ബത്രഹകി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

 

 

---- facebook comment plugin here -----

Latest