വാരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരെ ഡോക്ടര്‍മാരുടെ മൊഴി

Posted on: April 14, 2018 12:02 pm | Last updated: April 14, 2018 at 4:57 pm

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ഡോക്ടര്‍മാരുടെ മൊഴി. വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നായിരുന്നു പോലീസിന്റെ വാദം .എന്നാല്‍ ശ്രീജിത്തിന് പോലീസ് കസ്റ്റഡിയില്‍വെച്ചുതന്നെയാണ് മര്‍ദനമേറ്റതെന്ന് ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി.ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവിന് മൂന്ന് ദിവസത്തെ പഴക്കം മാത്രമെയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം കസ്റ്റഡി മരണത്തില്‍ കൊലപാതകത്തിന് പുറമെ ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍വെച്ചതിനും കേസെടുത്തു. ഐ പി സി സെക്ഷന്‍ 343 പ്രകാരമാണ് കേസ്. വാസുദേവന്റെ വീടാക്രമിച്ചതില്‍ ശ്രീജിത്ത് പങ്കാളിയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ കേസെടുത്തിരിക്കുന്നത്.