രാസായുധാക്രമണം ചിലരുടെ തിരക്കഥ: റഷ്യ

Posted on: April 14, 2018 6:23 am | Last updated: April 13, 2018 at 11:00 pm
വിഷവാതകത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ഉപയോഗിക്കുന്ന കുട്ടി

മോസ്‌കോ: വിദേശ ശക്തികള്‍ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അരങ്ങേറിയതാണ് സിറിയയിലെ രാസായുധ ആക്രമണ നാടകമെന്ന് റഷ്യ. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവാണ് വിഷയത്തില്‍ പുതിയ നിലപാടുമായി രംഗത്തെത്തിയത്. ദൗമക്ക് നേരെ രാസായുധാക്രമണം അരങ്ങേറിയതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിറിയന്‍ സര്‍ക്കാറാണെന്നുമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ അവകാശവാദം. സിറിയന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നതിന് തങ്ങളുടെ കൈവശം തെളിവുണ്ടെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഉടന്‍ തന്നെ ഒരു മിസൈല്‍ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ രാസായുധാക്രമണത്തിന്റെ പേരില്‍ അമേരിക്ക നടത്തുന്ന ഏത് ആക്രമണവും വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് റഷ്യ പ്രതികരിച്ചു. ഇത് പുതിയൊരു യുദ്ധത്തിലേക്ക് മേഖലയെ വലിച്ചിഴക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.

ദൗമയില്‍ രാസായുധാക്രമണം ഉണ്ടായോ എന്ന കാര്യം പരിശോധിച്ചറിയുന്നതിന് സ്വതന്ത്ര രാസായുധാക്രമണ അന്വേഷണ ഏജന്‍സി സിറിയയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘം ഇന്ന് ദൗമയിലെത്തി പരിശോധന നടത്തുമെന്നാണ് വിവരം. ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ്(ഒ പി സി ഡബ്ല്യൂ) സംഘടനയിലെ ഒരു സംഘമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ഇവരുടെ യാത്രാവിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

രാസായുധാക്രമണത്തെ സംബന്ധിച്ച് ഇപ്പോഴും രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും എങ്ങനെ പ്രതികരിക്കണമെന്നത് സംബന്ധിച്ച് സഖ്യരാഷ്ട്രങ്ങളുമായി കൂടിയാലോചനകള്‍ പുരോഗമിക്കുകയാണെന്നും അമേരിക്ക അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ദൗമക്ക് നേരെയുണ്ടായ രാസായുധാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാസായുധാക്രമണം ഭാവനാസൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ കുബുദ്ധിയാണെന്നും നേരത്തെ റഷ്യയും ബശാറുല്‍ അസദും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിറിയയെ ഇനിയും നശിപ്പിക്കരുതെന്ന്
യു എന്‍ സെക്രട്ടറി ജനറല്‍

യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യു കെ, യു എസ് എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരെ നേരിട്ടുവിളിച്ചിരുന്നു. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം എല്ലാവരെയും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധവേണമെന്ന കാര്യം എല്ലാവരോടും ഉണര്‍ത്തിയിട്ടുണ്ടെന്നും സെക്രട്ടറി ജനറല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.