Connect with us

Articles

കാമഭ്രാന്തരുടെ റിപ്പബ്ലിക്, മതഭ്രാന്തരുടെയും

Published

|

Last Updated

ഇന്ത്യ നരേന്ദ്ര മോദി ഭരണത്തിനുകീഴില്‍ മതഭ്രാന്തന്മാരുടെയും കാമഭ്രാന്തന്മാരുടെയും ദുശ്ശാസന വാഴ്ചയിലാണ്. ജമ്മുകശ്മീരിലെ കത്‌വയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഹിന്ദുത്വവാദികളുടെ ഭരണത്തില്‍ ഇന്ത്യ ബലാത്സംഗക്കാരുടെ റിപ്പബ്ലിക്കായി അധഃപതിക്കുകയാണ്. തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരെ ഗുണ്ടാസംഘങ്ങളെ അഴിച്ചുവിട്ടും അവരുടെ സ്ത്രീകളെ ബലാത്സംഗത്തിലൂടെ കീഴ്‌പ്പെടുത്തിയും ഭീതിവിതക്കുക എന്ന തന്ത്രമാണ് സംഘ്പരിവാര്‍ അത്യന്തം നീചമായ രീതിയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുരാഷ്ട്രവാദികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപങ്ങളും ക്രൂരമായ ബലാത്സംഗ ശ്രമങ്ങളും നിരവധി അനേ്വഷണ കമ്മീഷനുകള്‍ തന്നെ പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. തങ്ങള്‍ക്കനഭിമതരായ സമൂഹങ്ങളെയും അവരുടെ സ്ത്രീകളെയും ബലാത്സംഗങ്ങളിലൂടെ കീഴ്‌പ്പെടുത്തുകയാണവര്‍.

ഉത്തര്‍പ്രദേശില്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ്‌സിംഗ് സെംഗറുടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും യോഗി ആദിത്യനാഥിന്റെ പോലീസ് തടങ്കലിലാക്കിയിരിക്കുന്നു. പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെടുകയാണുണ്ടായത്. ഉന്നാവയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച എം എല്‍ എയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല സര്‍വവിധ ഭരണ സന്നാഹങ്ങളുമുപയോഗിച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും രാജ്യമാസകലം പ്രതിഷേധമുയര്‍ന്നുവന്നതോടെ എം എല്‍ എയുടെ സഹോദരനെ അറസ്റ്റുചെയ്യാന്‍ യു പി പോലീസ് നിര്‍ബന്ധിതമായി. അത് മുഖം രക്ഷിക്കാനുള്ള കളിമാത്രമാണ്.
അലഹബാദ് ഹൈക്കോടതി ഇടപെട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് പപ്പുസിംഗിന്റെ മൃതദേഹം സംസ്‌കരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസ് കസ്റ്റഡിയിലെ പീഢനമാണ് പപ്പുസിംഗിന്റെ ജീവനെടുത്തതെന്ന് വ്യക്തമാക്കുന്നതാണ്. ബി ജെ പി സര്‍ക്കാറിന്റെ ഒത്താശയോടെ നടന്ന ആസൂത്രിതമായ പപ്പുസിംഗിന്റെ കൊലപാതകത്തിനെതിരെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

നമ്മുടെ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ ജമ്മുകാശ്മീരിലെ കത്തുവയില്‍ നിന്ന് പുറത്തുവന്നത്. ദിവസങ്ങളോളം ഒരു കൊച്ചു പെണ്‍കുട്ടിയെ ഒരാരാധനാലയത്തിനുള്ളില്‍ തടങ്കലില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ബി ജെ പിയും തീവ്രഹിന്ദുത്വ സംഘടനകളും രംഗത്തിറങ്ങിയിരിക്കുകയാണ്. എന്താണ് കത്തുവായിലെ രസന ഗ്രാമത്തില്‍ സംഭവിച്ചത്?

അവിടെ എട്ട് വയസ്സുള്ള ആസിഫബാനു എന്ന പെണ്‍കുട്ടിക്ക് ബ്രാഹ്മണ മതബോധത്തിന്റെയും കാമാന്ധതയുടെയും ഇരയായി ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി മാസത്തിലാണ് കൂട്ടബലാത്സംഗം ചെയ്ത് ബ്രാഹ്മണ ജാതി ഭ്രാന്തന്മാര്‍ കൊലചെയ്തത്. ഈ സംഭവം കടുത്ത വംശീയവിദേ്വഷപ്രേരിതമായ വംശഹത്യാ നീക്കമാണെന്ന യാഥാര്‍ത്ഥ്യം ഓരോ ഇന്ത്യക്കാരനെയും ഞെട്ടിപ്പിക്കുന്നതാണ്.

ബ്രാഹ്മണ ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്ത് ആട്ടിടയന്മാരായ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നതിനോടുള്ള അസഹിഷ്ണുതയാണുപോലും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കൊലചെയ്യാനും കാരണമായത്. ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് എട്ട് ദിവസങ്ങളായി ഒളിപ്പിച്ചുവെച്ചാണ് ബലാത്സംഗത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയത്. മയക്കുമരുന്ന് നല്‍കി നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ കാമവെറിയന്മാര്‍ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവമനേ്വഷിച്ച പോലീസും ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങി ഈ മഹാപാതകത്തിന് കൂട്ടുനിന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജമ്മുകശ്മീര്‍ സംസ്ഥാനത്ത് നടന്ന ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേസനേ്വഷണം കുറ്റവാളികളെ കണ്ടെത്തുന്നതിലേക്കും നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരുന്നതിലേക്കും എത്തിയത്. അപ്പോഴേക്കും പ്രതികളെ രക്ഷിക്കാനായി ബി ജെ പി മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി.
ഹിന്ദു ഏകതാമഞ്ച് എന്ന സംഘടന പ്രതികള്‍ക്കു വേണ്ടി റാലിതന്നെ സംഘടിപ്പിച്ചു. റാലിയില്‍ വനം മന്ത്രി ചൗധരിലാല്‍ സിംഗും വ്യവസായ മന്ത്രി ചന്ദ്രപ്രകാശ്ഗംഗയും പങ്കെടുത്തു. കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് ഈ ക്രൂര കൃത്യത്തെ ന്യായീകരിക്കാനും അതിലെ പ്രതികളെ സംരക്ഷിക്കാനുമാണ് സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. അവരുടെ യഥാര്‍ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നത്. ധര്‍മബോധവും നീതിബോധവും നഷ്ടപ്പെട്ട ദുശ്ശാസനന്മാരുടെ പിന്‍മുറക്കാരാണ് ബി ജെ പി നേതാക്കളെന്ന കാര്യമാണ് ഈ സംഭവം വെളിവാക്കുന്നത്. കുറ്റവാളികളെ രക്ഷിക്കാനുള്ള ജമ്മുകശ്മീരിലെ ബി ജെ പി നേതാക്കളുടെയും മന്ത്രിമാരുടെയും നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

പി ഡി പി, ബി ജെ പി ബന്ധത്തിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തില്‍ ബിജെ പി രാഷ്ട്രീയം കളിക്കരുതെന്നും അത് ദുഃഖകരമാണെന്നും പി ഡി പി നേതാവ് നയീംഅക്തര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇക്കാര്യത്തില്‍ നീതി നടപ്പാക്കിയില്ലെങ്കില്‍ സഖ്യം വിടുമെന്ന് പിഡി പിയുടെ മറ്റൊരു നേതാവായ സെയ്ദ്അല്‍ത്താഫ്ബുഹാരി വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ബിജെ പി നേതൃത്വം രംഗത്തുവന്നിരിക്കുന്നത്.

ബലാത്സംഗക്കാരെയും കൊലയാളികളെയും രക്ഷിക്കാനായി ജമ്മുകശ്മീരില്‍ ബി ജെ പി മതവികാരങ്ങള്‍ ഇളക്കിവിടുകയാണ്. ബി ജെ പി ഇന്ത്യയെ ബലാത്സംഗക്കാരുടെ റിപ്പബ്ലിക്കാക്കുകയാണ്. മതഭ്രാന്തന്മാരുടെയും കാമഭ്രാന്തന്മാരുടെയും നാടാക്കി നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ അധഃപതിപ്പിക്കുകയാണ്. മോദി ഭരണം കാമഭ്രാന്തന്മാരുടെയും മതഭ്രാന്തന്മാരുടെയും ദുശ്ശാസനവാഴ്ചയിലേക്കാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.