കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് കെ ടി ഇര്‍ഫാനേയും രാകേഷ് ബാബുവിനേയും പുറത്താക്കി

Posted on: April 13, 2018 9:55 am | Last updated: April 13, 2018 at 11:42 am

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് വില്ലേജിലെ ഇരുവരുടേയും മുറിയുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സിജിഎഫ്) ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

ട്രിപ്പില്‍ ജമ്പില്‍ രാകേഷിന് നാളെയായിരുന്നു ഫൈനല്‍ മത്സരം. ഇര്‍ഫാന്റെ മത്സരം നേരത്തെ പൂര്‍ത്തിയായിരുന്നു. മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെ ടി ഇര്‍ഫാന്‍ പറഞ്ഞു.

താരങ്ങളുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിയിക്കാന്‍ കഴിഞ്ഞില്ല. താരങ്ങളുടെ ബാഗില്‍നിന്നാണ് സിറിഞ്ച് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.