Connect with us

Kerala

പോഷകാഹാരക്കുറവ്: അട്ടപ്പാടിയില്‍ ഈവര്‍ഷം മൂന്ന് നവജാതശിശു മരണം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ പോഷകഹാരക്കുറവ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെ ഈവര്‍ഷം ഇതുവരെ മരിച്ചത് മൂന്ന് നവജാത ശിശുക്കള്‍. കഴിഞ്ഞ ദിവസം കാവുണ്ടിക്കല്‍ ഊരിലെ ആദിവാസി ദമ്പതികളുടെ ആണ്‍കുഞ്ഞ് മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. വേദനയെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയെ യുവതിയെ തൃശൂരിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന് 1.300 തൂക്കമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ തൂക്കക്കുറവാണ് ഇവിടത്തെ പ്രധാന പ്രശ്‌നം.

എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശിശുക്കളുടെ മരണം കുറഞ്ഞുവരുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അനീമിയ ബാധിക്കുന്നത് കാരണം അവരില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും ചെയ്യുന്നു. തുടര്‍ന്ന് ഏഴ്, എട്ട് മാസങ്ങളില്‍ പ്രസവിക്കുകയും കുഞ്ഞിന് തൂക്കമില്ലാതെ മരിക്കുകയുമാണ് കൂടുതലായി ഇവിടെ സംഭവിക്കുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെയും ആദിവാസി സംഘടനകളുടെയും ശക്തമായ ഇടപെടലുകള്‍ മൂലം ഇത്തരം അവസ്ഥക്ക് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്. പോഷകാഹാരത്തിനായി അട്ടപ്പാടിയില്‍ തനത് കൃഷി പരിപോഷണ പദ്ധതി പട്ടികവര്‍ഗ ഉപപദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയിട്ടുണ്ട്. കൂടാതെ കൃത്യമായ അയേണ്‍ മരുന്നും ആഹാരവും ലഭ്യമാക്കുക, അങ്കണ്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോയാല്‍ പൂര്‍ണമായും നവജാതശിശുക്കളുടെ മരണം കുറയ്ക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

2013ലാണ് അട്ടപ്പാടിയില്‍ ഏറ്റവും കൂടുതല്‍ നവജാത ശിശുക്കള്‍ മരിച്ചത്- 48 എണ്ണം. കഴിഞ്ഞ വര്‍ഷം 14 കുട്ടികളാണ് മരിച്ചത്. പോഷകാഹാര ക്കുറവ് പരിഹരിക്കുക എന്നത് ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. തുടര്‍ച്ചയായ പരിശ്രമത്തിലൂടെയേ അതിന് സാധ്യമാകൂ. ഇതിനായി തനത് കൃഷി പരിപോഷണ പദ്ധതി ശക്തമാക്കുകയും ഊരുതല ശാക്തീകരണം നടപ്പാക്കുകയും വേണമെന്ന് തമ്പ് സംഘടന പ്രസിഡന്റ കെ എസ് രാജേന്ദ്രപ്രസാദ് അറിയിച്ചു.

---- facebook comment plugin here -----

Latest