Connect with us

National

ഉന്നാവോ ബലാത്സംഗം: ബി ജെ പി. എം എല്‍ എക്കെതിരെ കേസ്

Published

|

Last Updated

ലക്‌നോ: ബി ജെ പി. എം എല്‍ എ പ്രതിയായ ബലാത്സംഗവും ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ദുരൂഹമരണവും സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബി ജെ പി സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്.

അതിനിടെ കേസുകളില്‍ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കറിനും മറ്റുള്ളവര്‍ക്കും എതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എം എല്‍ എയുടെ സഹോദരന്‍ അതുല്‍ സിംഗ് പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതിന്റെ വീഡിയോ ദൃശ്യം എസ് ഐ ടി ലക്‌നോ എ ഡി ജി രാജീവ് കൃഷ്ണക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ സിംഗ് അടക്കം അഞ്ച് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന് പുറമെ മറ്റ് രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി എ ഡി ജിക്ക് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന് ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചുള്ള ജയില്‍ ഡി ഐ ജി ലവ് കുമാറിന്റേതാണ് ഒരു റിപ്പോര്‍ട്ട്. മറ്റൊന്ന് സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടാണ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഈ മാസം മൂന്നിനാണ് പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റിലാകുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ മര്‍ദനമേറ്റ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. എം എല്‍ എയുടെ സഹായികളും മറ്റ് ചിലരും ചേര്‍ന്നാണ് മര്‍ദിച്ചത്. ഏപ്രില്‍ അഞ്ചിന് കടുത്ത വയറുവേദന അനുഭവപ്പെട്ട ഇയാളെ രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം മരിക്കുകയും ചെയ്തു.

 

അമ്മാവന്റെ ജീവനും ഭീഷണി;
അറസ്റ്റ് ഉടന്‍ വേണം- പെണ്‍കുട്ടി

ലക്‌നോ: ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെംഗറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. തന്റെ അമ്മാവന്റെ ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കേസ് സി ബി ഐക്ക് വിട്ടതായി സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയും സെംഗറിനെതിരെ കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് പെണ്‍കുട്ടി ഇങ്ങനെ പ്രതികരിച്ചത്. സി ബി ഐ അന്വേഷണം നടക്കട്ടെ. എം എല്‍ എയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പിതാവിനെ കൊന്ന പോലെ അവര്‍ തന്റെ അമ്മാവനെയും ഇല്ലാതാക്കും. അറസ്റ്റ് ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ തന്നോട് നീതി കാട്ടി എന്ന് പറയാന്‍ സാധിക്കൂ എന്നും പെണ്‍കുട്ടി വ്യക്തമാക്കി.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്ത് കൊണ്ടാണ് കേസില്‍ സെന്‍ഗറിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഇന്നലെ അലഹബാദ് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. ബലാത്സംഗം, ഭീഷണി, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സെന്‍ഗാറിനെതിരെ മഖി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, എം എല്‍ എയെ ആരും സംരക്ഷിക്കുന്നില്ലെന്ന് സംസ്ഥാന ഡി ജി പി. ഒ പി സിംഗ് പറഞ്ഞു. കേസില്‍ തങ്ങള്‍ക്ക് രണ്ട് പക്ഷവും കേള്‍ക്കേണ്ടതുണ്ട്. കേസ് ഇപ്പോള്‍ സി ബി ഐക്ക് കൈമാറിയ സ്ഥിതിക്ക് ഇനി അറസ്റ്റിനെ കുറിച്ച് അവര്‍ തീരുമാനിക്കട്ടെയെന്നും ഡി ജി പി കൂട്ടിച്ചേര്‍ത്തു.