Connect with us

Kerala

അഗ്നിശമന സേനയില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: അഗ്നിശമന സേനയിലെ പ്രധാന വിഭാഗമായ ഫയര്‍മാന്‍ തസ്തികയുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ജാന്‍ ഡാന്‍കി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ നീക്കം. രക്ഷാ ദൗത്യത്തില്‍ മുന്നില്‍ നില്‍ക്കേണ്ട ഫയര്‍മാന്‍, ലീഡിംഗ് ഫയര്‍മാന്‍ എന്നീ തസ്തികകളിലേക്കുള്ള അംഗങ്ങളുടെ എണ്ണം സേനയില്‍ കുറവാണെന്ന ജാന്‍ ഡാന്‍കി കമ്മീഷന്റെ റിപ്പോര്‍ട്ട് നിരാകരിച്ചുകൊണ്ടാണ് തസ്തിക വെട്ടിക്കുറക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ നീക്കവുമായി ബന്ധപ്പെട്ട അഭിപ്രായമറിയാന്‍ തെക്കന്‍ ജില്ലകളില്‍ സിറ്റിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. .

നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഒരു സ്റ്റേഷനില്‍ നിന്ന് രണ്ട് തസ്തിക വീതമെന്ന നിലയില്‍ സംസ്ഥാനത്തെ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി 248 ഫയര്‍മാന്‍ തസ്തികകള്‍ ഇല്ലാതാകും. ഇതോടെ നിലവിലുള്ള പി എസ് സി ഫയര്‍മാന്‍ ചുരുക്കപ്പട്ടികയിലുള്ള 2500ലധികം ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യതക്കും മങ്ങലേക്കും. ഇതോടൊപ്പം മെക്കാനിക്കല്‍ പോസ്റ്റിലേക്ക് ജീവനക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ഇതേ ഫയര്‍മാന്‍ തസ്തികയില്‍ നിന്നാണെന്നതിനാല്‍ ഫയര്‍മാന്മാരുടെ എണ്ണത്തില്‍ വീണ്ടും കുറവ് അനുഭവപ്പെടും. നിലവില്‍ സംസ്ഥാനത്ത് 125 ഫയര്‍ സ്റ്റേഷനുകളിലായി 3000 ത്തിലധികം ഫയര്‍മാന്‍മാരാണ് ഇപ്പോഴുള്ളത്.

അതേസമയം, തസ്തിക വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് സേനയില്‍ നിന്ന് എതിര്‍പ്പ് ഉയരാതിരിക്കാന്‍ 124 അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രമോഷന്‍ ലഭിക്കുമെന്നതിനാല്‍ സര്‍ക്കാറിന്റെ പുതിയ നീക്കത്തോട് ജീവനക്കാരും ഇവരുടെ സംഘടനകളും മൃദു സമീപനമാണ് സ്വീകരിച്ചു പോരുന്നത്.

നിലവില്‍ ഫയര്‍മാന് നല്‍കുന്ന ശമ്പളത്തെക്കാള്‍ കുറവാണ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് നല്‍കേണ്ടി വരികയെന്നതനിനാല്‍ സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തിക നേട്ടവുമുണ്ടാകും.