Connect with us

National

ബി ജെ പി. എം എല്‍ എ പ്രതിയായ ബലാത്സംഗ കേസ്: നാട്ടില്‍ പോകാന്‍ ഭയന്ന് ഇരയുടെ കുടുംബം

Published

|

Last Updated

ഇന്നലെ അറസ്റ്റിലായ അതുല്‍ സിംഗ്

ലക്‌നോ: ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ബലാത്സംഗ കേസിലെ ഇരയും കുടുംബവും നാട്ടിലേക്ക് തിരിച്ചെത്താന്‍ ഭയക്കുന്നു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവവുമായി ബന്ധപ്പട്ട് കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സിംഗ് ഇന്നലെ അറസ്റ്റിലായിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. അന്വേഷണ ഭാഗമായി എം എല്‍ എയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എങ്കിലും, എം എല്‍ എക്കും പരിവാരങ്ങള്‍ക്കും ഉന്നാവോയിലുള്ള സ്വാധീനം തങ്ങളെ അപായപ്പെടുത്തിയേക്കുമെന്ന ഭയത്തിലാണ് ഈ കുടുംബം.

ഉന്നാവോയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെ മഖിയിലാണ് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്. അവിടേക്ക് പോകാന്‍ ഭയമുള്ളതിനാല്‍, അപേക്ഷ പരിഗണിച്ച് അവര്‍ക്ക് ഉന്നാവോയില്‍ തന്നെ സുരക്ഷിതമായ താമസസ്ഥലം ഒരുക്കിക്കൊടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. എന്നാല്‍, മജിസ്‌ട്രേറ്റ് തങ്ങളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഹോട്ടല്‍ മുറിയില്‍ കഴിയുന്ന തങ്ങള്‍ക്ക് വെള്ളം പോലും തരുന്നില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. അതേസമയം, സ്ഥിതിഗതികള്‍ ശാന്തമാകാതെ തങ്ങള്‍ മഖിയിലെ വീട്ടിലേക്കില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഗ്രാമത്തില്‍ ഒരാള്‍ പോലും തങ്ങളെ പിന്തുണക്കുന്നില്ല. എം എല്‍ എയും പരിവാരങ്ങളും തങ്ങള്‍ക്കെതിരെ എന്തോ പദ്ധതിയിടുകയാണ്. എം എല്‍ എയുടെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സഹോദരന്റെ ഭാര്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ്. ഭരണതലത്തില്‍ അവര്‍ക്ക് വലിയ പിടിപാടുണ്ട്. ഒരിടത്തുനിന്നും ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാട്ടുകാരാരും തന്നെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും ധൈര്യപ്പെടുന്നില്ല. എങ്ങും കനത്ത പോലീസ് കാവലിലാണ്. എന്നാല്‍, എം എല്‍ എയും കുടുംബാംഗങ്ങളും സ്ഥലത്തില്ല. അന്വേഷണവുമായി സഹകരിക്കേണ്ടിവരുമെന്ന് കരുതി എല്ലാവരും അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്.

അതിനിടെ, വിഷബാധയേറ്റാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി ഉന്നാവോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുശീല്‍ പ്രകാശ് ചൗധരി അറിയിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റ 14 പാടുകളുമായി ഈ മാസം മൂന്നിന് പോലീസ് തന്നെയാണ് പെണ്‍കുട്ടിയുടെ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവങ്ങളില്‍ അന്വേഷണത്തിന് ആരും താത്പര്യപ്പെടാതിരിക്കുകയും പോലീസ് നിഷ്‌ക്രിയമാകുകയും ചെയ്തതോടെയാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ
പരിഗണനയില്‍

ന്യൂഡല്‍ഹി: ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെങ്കര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗ കേസ് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യാശ്രമം നടത്തിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് യുവതി ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയതോടെ പിതാവിനെ എം എല്‍ എയുടെ ആളുകള്‍ മര്‍ദിച്ച് കൊന്നുവെന്നാണ് യുവതി ആരോപിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് എം എല്‍ എക്കെതിരെ ബലാത്സംഗ പരാതിയുമായി യുവതി രംഗത്തുവന്നത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. നീതി തേടിയാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ സമരം തുടങ്ങിയത്. അതിനിടെ, പോലീസ് കസ്റ്റഡിയിലായ യുവതിയുടെ പിതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ബലാത്സംഗ കേസ് മാത്രമല്ല പിതാവിന്റെ മരണവും അന്വേഷിക്കണമെന്ന് യുവതി ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest