Connect with us

International

ജയില്‍ ചാട്ടത്തിന് ശ്രമം; ബ്രസീലില്‍ 19 തടവുകാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബ്രസീലിയ: ജയിലില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വടക്കന്‍ ബ്രസീലില്‍ 19 തടവുപുള്ളികള്‍ കൊല്ലപ്പെട്ടു. ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബ്രസീലിലെ ബെലം നഗരത്തിലുള്ള സാന്റാ ഇസബല്‍ ജയിലിലാണ് സംഭവം. ചുമര്‍ ഇടിച്ചുപൊളിച്ച് ജയിലിനുള്ളിലെ തടവുപുള്ളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുപതോളം പേര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 19 പേരും ജയില്‍പുള്ളികളാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണ്.

ജയില്‍ ചാട്ടത്തിനുള്ള ശ്രമത്തിനിടെ തടവുപുള്ളികള്‍ ഒരു മതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. സായുധ സംഘത്തിന്റെ സഹായത്തോടെയാണ് ജയില്‍ചാട്ടത്തിന് പദ്ധതി തയ്യാറാക്കിയിരുന്നതെന്നും തടവുപുള്ളികള്‍ക്ക് വന്‍തോതില്‍ ആയുധങ്ങള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യം ഉറപ്പായിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ഏഴ് തോക്കുകളും കിട്ടിയതായി പോലീസ് പറഞ്ഞു.