Connect with us

Gulf

വിഷുവിന് ഗള്‍ഫിലേക്ക് കേരളത്തിന്റെ നാടന്‍ പച്ചക്കറി

Published

|

Last Updated

നെടുമ്പാശ്ശേരി: ഗള്‍ഫ് നാടുകളിലെ മലയാളികള്‍ക്ക് വിഷു ആഘോഷിക്കുന്നതിന് കേരളത്തില്‍ നിന്ന് പച്ചക്കറി കയറ്റുമതി ചെയ്യുന്നതില്‍ ഇക്കുറി വന്‍ വര്‍ധനവ്. സംസ്ഥാനത്തിന്റെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി 6000 ടണ്ണിലധികം പച്ചക്കറികള്‍ ഗള്‍ഫിലേക്ക് മാത്രം കയറ്റുമതി ചെയ്യുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2429.70 ടണ്‍ പച്ചക്കറികളാണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ രണ്ടാം തീയതി ആരംഭിച്ച പച്ചക്കറി കയറ്റുമതി 13ാം തീയതി വരെ തുടരും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷത്തെ വിഷു പച്ചക്കറി കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനവാണ് ഉള്ളത്. ജി എസ് ടി നടപ്പാക്കിയ ശേഷം കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെ കാര്‍ഗോ വഴിയുള്ള കയറ്റുമതിയില്‍ വന്‍ ഇടിവാണു ണ്ടായിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വിഷു പച്ചക്കറി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേയും കാര്‍ഗോ വഴിയുള്ള കയറ്റുമതിയില്‍ ഇപ്പോ ള്‍ 70 ശതമാനവും പച്ചക്കറികളാണ്. വിഷുവിന്റെ പ്രധാന ഇനങ്ങളായ കണിക്കൊന്ന, കണിവെള്ളരി, കണിചക്ക, നേന്ത്രക്കായ, മുരിങ്ങക്കായ, ചേമ്പ്, ചേന എന്നിവയാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കയറ്റുമതി ചെയ്യുന്നത്. മാങ്ങ, വാഴത്തട്ട, വാഴ കഴമ്പ്, ചക്ക, ചക്കക്കുരു തുടങ്ങിയവയും അധികമായി കയറ്റുമതി ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ 35 മുതല്‍ 65 വരെ ശതമാനമാണ് ഗള്‍ഫിലേക്ക് പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. വിഷു പ്രമാണിച്ച് കഴിഞ്ഞ രണ്ട് മുതല്‍ 70 ശതമാനം കയറ്റുമതിയും പച്ചക്കറിയാണ്. ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാ ന്റാണ്. കേരളത്തിലെ പച്ചക്കറികള്‍ വിഷരഹിതമാണെന്ന വിശ്വാസമാണ് ഈ ഡിമാന്റിന് കാരണം.

വിവിധ സഹകരണ സംഘങ്ങള്‍ വഴി കൃഷി ചെയ്യുന്ന പച്ചക്കറികളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. മലബാര്‍ മേഖലയിലെയും ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെയും ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് കയറ്റുമതിക്കായി പച്ചക്കറികള്‍ ശേഖരിക്കുന്നുണ്ട്. നാടന്‍ പച്ചക്കറികള്‍ വിമാനത്താവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുപോകുന്നത്. ഓണത്തെ പോലെ വിഷുവിനും ഇലയില്‍ ഭക്ഷണം കഴിക്കണമെന്ന നിര്‍ബന്ധം കാരണം വാഴയിലക്കും ഈ സമയത്ത് വന്‍ ഡിമാന്റാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പുകളില്‍ നിന്നാണ് പ്രധാനമായും കയറ്റുമതിക്കായി വാഴയിലകള്‍ ശേഖരിക്കുന്നത്.

കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ ഗള്‍ഫ് നാടുകളിലെത്തിക്കുന്നത്. കഴിഞ്ഞ രണ്ടിന് 131.7 ടണ്‍, മൂന്നിന് 117.8 ടണ്‍, നാലിന് 176 ടണ്‍, അഞ്ചിന് 157 ടണ്‍, ആറിന് 158. 4 ടണ്‍, ഏഴിന് 156.2 ടണ്‍, എട്ടിന് 139.5 ടണ്‍, ഒന്‍പതിന് 141.2 ടണ്‍, പത്തിന് 162 ടണ്‍, പതിനൊന്നിന്ന് 200 ടണ്‍ പച്ചക്കറികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അയിച്ചത്. ഇന്നും നാളെയുമായി 200 ടണ്‍ വീതം കൊച്ചി വിമാനത്താവളം വഴി കയറ്റുമതി ചെയ്യും. ദുബൈ, ഷാര്‍ജ, സഊദി അറേബ്യ, അബൂദബി, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് പ്രധാനമായും കേരളത്തില്‍ നിന്ന് പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്.