Connect with us

Kerala

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തള്ളി. പരിസ്ഥിതിലോല മേഖല കണക്കാക്കുന്നതില്‍ വില്ലേജെന്ന അടിസ്ഥാന ഘടകത്തില്‍ നിന്ന് ഒഴിവാക്കുന്നത് അപ്രായോഗികമെന്ന് കേന്ദ്രം വ്യക്തമാക്കി. കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേരളം തയ്യറാക്കിയ റിപ്പോര്‍ട്ടും വിശദീകരണവും ഉടന്‍ നല്‍കാനും മന്ത്രാലയം നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കാള്‍ 424 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിയാണ് കേരളം പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അടിസ്ഥാന ഘടകമായ വില്ലേജുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍ പ്രയാസകരമാകുമെന്നാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ അടിസ്ഥാന ഘടകമായ വില്ലേജിന് മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിജ്ഞാപനം നടപ്പാക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സ്വീകരിച്ചത്. എന്നാല്‍, സംസ്ഥാനത്തിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് ഇളവ് വേണമെന്ന് കേരളം വാദിച്ചു. മറ്റ് പശ്ചിമഘട്ട സംസ്ഥാനങ്ങളെല്ലാം റിപ്പോര്‍ട്ട്് സമര്‍പ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളം ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട് വേഗം സമര്‍പ്പിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി.

പ്രദേശങ്ങള്‍ ഒഴിവാക്കിയതിലുള്ള വിശദീകരണവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലയുടെ ഭൗതിക പരിശോധനക്കായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുതിയ കമ്മിറ്റിയെ നിയോഗിച്ചേക്കും. ഇതോടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായുള്ള അന്തിമ വിജ്ഞാപനം ഇനിയും നീളുമെന്നാണ് സൂചന.