Connect with us

Kerala

സര്‍ക്കാര്‍ ഏറ്റെടുത്തത് ഹൈക്കോടതി റദ്ദാക്കി: ഭൂമി ഹാരിസണിന്‌

Published

|

Last Updated

കൊച്ചി: ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമുള്‍പ്പെടെയുള്ള 38,000 ഏക്കര്‍ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍ കമ്പനിയും മറ്റും നല്‍കിയ ഹരജികളിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഭൂമി ഏറ്റെടുക്കാനായി നിരത്തിയ സര്‍ക്കാര്‍ വാദങ്ങളും തെളിവുകളുടെ അഭാവവുമാണ് കേസില്‍ സര്‍ക്കാറിന് വിനയായത്.

ഭൂസംരക്ഷണ നിയമപ്രകാരം വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് പ്രകാരം ഹാരിസണ്‍ മലയാളത്തിന്റെ കൈവശം കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. വസ്തുവില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള യാതൊരു അധികാരവും സ്‌പെഷ്യല്‍ ഓഫീസര്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഭൂസംരക്ഷണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവും തുടര്‍നടപടികളും നിലനില്‍ക്കുന്നതല്ലെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് സിവില്‍ കോടതിയെയാണ് സര്‍ക്കാര്‍ സമീപിക്കേണ്ടത്. ഹാരിസണ്‍സിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം പ്രഖ്യാപിക്കാനുള്ള യാതൊരു അധികാരവും സ്‌പെഷ്യല്‍ ഓഫീസര്‍ക്കില്ല. ഇതിനുള്ള പരിഹാരം സിവില്‍ കോടതിയെ സമീപിച്ച് തെളിവുകള്‍ ഹാജരാക്കുന്നതിലൂടെ മാത്രമേ തീരുമാനിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമിയാണോ ഹാരിസണ്‍സിന്റെ ഭൂമിയാണോ എന്നത് തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹാരിസണ്‍ മലയാളം കൈയേറ്റക്കാരാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. കൈയേറ്റക്കാരാണെങ്കില്‍ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തതായി കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. പൊതുസ്വഭാവത്തിലും ചാരിറ്റബിള്‍ സ്വഭാവത്തിലുമുള്ള വസ്തുവാണ് ഹാരിസണിന്റെ കൈവശമുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള ഭൂമിയാണെന്ന് തെളിയിക്കുന്നതിനുള്ള യാതൊരു തെളിവുകളും സര്‍ക്കാര്‍ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റാംജി ദാസ് സ്ഥാപിച്ച ധര്‍മശാലയില്‍ പിന്‍തലമുറക്കാര്‍ അതിക്രമിച്ചുകയറി കൈവശം വെച്ചതാണെന്ന് പറയുന്നപോലെയാണ് ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി കൈയേറിയെന്ന് പറയുന്നത്. റാംജി ദാസ് കേസില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കൈയേറ്റക്കാരല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയ വിവരവും വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഹാരിസണ്‍ മലയാളം കൈവശം വെച്ചിരിക്കുന്നതില്‍ 38,000 ഏക്കറെങ്കിലും സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍. ഹാരിസണ്‍ പോലെ പൂര്‍ണമായോ ഭാഗികമായോ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമിക്ക് കൈവശാവകാശമില്ല. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഭൂമി ഉടമസ്ഥാവകാശ നിയമം, ഫെറ നിയമം എന്നിവ ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചു. ഇതെല്ലാം കണക്കിലെടുത്ത് തോട്ടഭൂമി പൂര്‍ണമായി ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യത്തിന്റെ നിലപാട്. അതേസമയം, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയും ഇതോടൊപ്പം കോടതി തള്ളി.

കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണം തുടങ്ങി ഇവര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ കോടതി തള്ളി.

ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് തള്ളിയിട്ടുണ്ട്. 2015 മേയ് 28നാണ് ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് എസ്‌റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.

 

---- facebook comment plugin here -----

Latest