Connect with us

Ongoing News

ഉന്നം പൊന്നായി; ശ്രേയസി സിംഗിലൂടെ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം

Published

|

Last Updated

ഗോള്‍ഡ്‌കോസ്റ്റ്(ആസ്‌ത്രേലിയ) : കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ വീണ്ടും ഇന്ത്യന്‍ തിളക്കം. വനിതകളുടെ ഡബിള്‍ ട്രാപ് ഷൂട്ടിംഗില്‍ ശ്രേയസി സിംഗിലൂടെ സ്വര്‍ണം നേടിയ ഇന്ത്യ പുരുഷന്‍മാരുടെ ഷൂട്ടിംഗില്‍ രണ്ടിനങ്ങളിലായി രണ്ട് വെങ്കലം കരസ്ഥമാക്കി. ഡബിള്‍ ട്രാപ്പില്‍ അങ്കുര്‍ മിത്തലും 50 മീറ്റര്‍ പിസ്റ്റളില്‍ ഓം മിതര്‍വാളുമാണ് വെങ്കലം നേടിയത്.
വനിതാ ബോക്‌സിംഗില്‍ (45-48 കി.ഗ്രാം) മേരി കോം ഫൈനലിലെത്തിയത് സുവര്‍ണ പ്രതീക്ഷയായി. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നാല് പേര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍.

പിതാവിനുള്ള മെഡല്‍

കരിയറിലെ നാഴികക്കല്ലായ മെഡല്‍ എന്നാണ് ശ്രേയസി സ്വര്‍ണ നേട്ടത്തെ വിശേഷിപ്പിച്ചത്. അതിനൊരു കാരണമുണ്ട്. ശ്രേയസിക്ക് കരിയറില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മെഡലാണിത്.

2010 കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പിതാവ് മരിച്ചത് ശ്രേയസിയുടെ കരിയറിനെ ഉലച്ചെന്ന് പറയാം. ദേശീയ റൈഫിള്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ദിഗ്വിജയ് സിംഗിന്റെ മകളാണ് ശ്രേയസി. ഷൂട്ടിംഗ് രംഗത്ത് എല്ലാ പിന്തുണയും നല്‍കിയ പിതാവിന്റെ വിയോഗം ശ്രേയസിയുടെ കരിയറിനെ വര്‍ഷങ്ങളോളം ഇരുളലടച്ചു. 2014 കോമണ്‍വെല്‍ത്ത ്‌ഗെയിംസില്‍ തിരിച്ചുവരവിനുള്ള ശ്രമത്തില്‍ വെള്ളി മെഡല്‍. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം. ഗോള്‍ഡ് ഗോസ്റ്റിലെത്തിയപ്പോള്‍ ആ തിരിച്ചുവരവിന് പൂര്‍ണത കൈവന്നു, സ്വര്‍ണ നേട്ടത്താല്‍.

ഷൂട്ടിംഗില്‍ ജിതു റായ്, ഹീന സിദു, മനു ഭക്കര്‍ എന്നിവരാണ് ശ്രേയസിക്ക് മുമ്പ് സ്വര്‍ണം നേടിയത്. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ പന്ത്രണ്ടാം സ്വര്‍ണമാണ് ശ്രേയസി നേടിയത്. ഗെയിംസില്‍ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് മെഡല്‍ ശ്രേയസി നേടിയ സ്വര്‍ണമായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ശ്രേയസി ഗോള്‍ഡ് കോസ്റ്റിലെ ബെല്‍മന്റ് ഷൂട്ടിംഗ് സെന്ററില്‍ പുറത്തെടുത്തത്.

പുരുഷന്‍മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഓം മിതര്‍വാല്‍ വെങ്കലം നേടിയതിന് പിന്നാലെയാണ് ശ്രേയസി സ്വര്‍ണം ഷൂട്ട് ചെയ്തിട്ടത്. നാല് വര്‍ഷം മുമ്പ് ഗ്ലാസ്‌കോ ഗെയിംസില്‍ നേടിയ വെള്ളി മെഡലാണ് ശ്രേയസി ഇവിടെ പൊന്നാക്കിയത്.

ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള ഹാന്‍സ് രാജ് കോളജില്‍ ബിരുദവിദ്യാര്‍ഥിയാണ് ശ്രേയസി. കഴിഞ്ഞ വര്‍ഷം ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ ശ്രേയസി നേടിയിരുന്നു. ആസ്‌ത്രേലിയയുടെ എമ്മ കോക്‌സിനാണ് വെള്ളി.

വലിയ നിരാശയായത് ഇരുപത്തിമൂന്നുകാരി വര്‍ഷ വര്‍മന് ഒരു പോയിന്റ് വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായതാണ്. ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത വര്‍ഷ ഡബിള്‍ട്രാപ്പില്‍ ആകെ സ്‌കോര്‍ ചെയ്തത് 86. സ്‌കോട്‌ലന്‍ഡിന്റെ ലിന്‍ഡ പിയേഴ്‌സന്‍ 87 പോയിന്റോടെ വെങ്കലമെഡല്‍ ജേതാവായി.

പിതാവിനുള്ള മെഡല്‍

ടോപ് സീഡ് പി വി സിന്ധു, രണ്ടാം സീഡ് സൈന നെഹ് വാള്‍, റുതിവിക, കെ ശ്രീകാന്ത് എന്നിവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിന്റെ സിംഗിള്‍സ് വിഭാഗത്തില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഫിജിയുടെ ആന്ദ്ര വൈറ്റ്‌സൈഡിനെ നേരിട്ട ഗെയിമുകള്‍ക്ക് 21-6, 21-3ന് പരാജയപ്പെടുത്തിയാണ് വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ മുന്നേറ്റം.

പരുക്ക് കാരണം ടീം ഇനത്തില്‍ മത്സരിക്കാതിരുന്ന സിന്ധു മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇത്ര എളുപ്പത്തില്‍ ജയിക്കാന്‍ സാധിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിച്ചു. ഇത് ചാമ്പ്യന്‍ഷിപ്പില്‍ ഗുണം ചെയ്യും – സിന്ധു പറഞ്ഞു.

രണ്ടാം സീഡായ സൈന നെഹ്‌വാള്‍ കഴിഞ്ഞ ദിവസം ടീം ഇനത്തില്‍ തുടരെ കളിക്കാനിറങ്ങിയതിന്റെ ക്ഷീണം ഒട്ടും തന്നെ ബാധിച്ചിട്ടില്ലെന്ന് 18 മിനുട്ടില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു കൊണ്ട് സൈന തെളിയിച്ചു. 21-3, 21-1ന് ദക്ഷിണാഫ്രിക്കയുടെ എല്‍സി ഡിവില്ലേഴ്‌സിനെയാണ് സൈന നിഷ്പ്രയാസം മറികടന്നത്.

കഴിഞ്ഞ ദിവസം കളിച്ച അതേ കോര്‍ട്ടില്‍ കളിക്കാനിറങ്ങിയത് ഗുണം ചെയ്‌തെന്ന് സൈന പ്രതികരിച്ചു.

റുതിവിക ഗാഡെയും പതിനെട്ട് മിനുട്ടില്‍ മത്സരം ജയിച്ചു. ഘാനയുടെ ഗ്രേസ് അതിപാകയെ 21-5, 21-7ന് റുതിവിക തോല്‍പ്പിച്ചു.

പുരുഷന്‍മാരുടെ സിംഗിള്‍സ് പോരില്‍ കെ ശ്രീകാന്ത് മൗറീഷ്യസിന്റെ ആതിഷ് ലുബായെ 21-13, 21-10ന് പരാജയപ്പെടുത്തി.

പുരുഷ ഹോക്കി: ത്രില്ലടിപ്പിച്ച് ഇന്ത്യന്‍ ജയം

അവസാന മൂന്ന് മിനുട്ടില്‍ രണ്ട് ഗോളുകള്‍. പുരുഷ ഹോക്കിയില്‍ ഇന്ത്യ 4-3ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് ആവേശോജ്വലമായി. പൂള്‍ ബിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. മന്‍പ്രീത് സിംഗ് (32), രുപീന്ദര്‍ പാല്‍ സിംഗ് (51), വരുണ്‍ കുമാര്‍ (58), മന്‍ദീപ് സിംഗ് (59) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് കോന്‍ഡന്‍ (17), ലിയാം അന്‍സെല്‍ (52), സാം വാര്‍ഡ് (56) എന്നിവരാണ് ഗോളടിച്ചത്.

പൂള്‍ ബിയില്‍ പത്ത് പോയിന്റ് കരസ്ഥമാക്കിയ ഇന്ത്യക്ക് രണ്ടാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിനേക്കാള്‍ മൂന്ന് പോയിന്റ് അധികമുണ്ട്.

പൂളില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള കളിയില്‍ രണ്ട് ടീമുകളും ക്ലാസിക് പോരാട്ടം കാഴ്ചവെച്ചു. ഇന്ത്യന്‍ ഗോ ളി പി ആര്‍ ശ്രീജേഷിന്റെ പ്രകടനം ശ്രദ്ധേയമായി.

നാളെ നടക്കുന്ന സെമിയില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി.

വനിതാ ഹോക്കി: ഇന്ത്യ ഇന്ന് ഓസീസിനെതിരെ

വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ആസ്‌ത്രേലിയയെ നേരിടും. ഗെയിംസിലെ ഉദ്ഘാടന മത്സരത്തില്‍ വെയില്‍സിനോടേറ്റ തോല്‍വിക്ക് ശേഷം തുടരെ മൂന്ന് ജയങ്ങളുമായാണ് ഇന്ത്യ സെമി സ്‌പോട് കരസ്ഥമാക്കിയത്.

കിരീട ഫേവറിറ്റുകളാണ് ആസ്‌ത്രേലിയ. ഇതുവരെ കളിച്ച കളി മതിയാകില്ല ഓസീസിനെ വീഴ്ത്താന്‍. നാല് മത്സരങ്ങളില്‍ 48 തവണയാണ് ഇന്ത്യ എതിര്‍ ഗോള്‍മുഖം ആക്രമിച്ചത്. ഒമ്പതെണ്ണം ഗോളായി മാറി. ഈ കണക്ക് മെച്ചപ്പെടേണ്ടതുണ്ടെന്ന് ചീഫ് ഹരേന്ദ്ര സിംഗ് പറയുന്നു.

Latest