വരാപ്പുഴ കസ്റ്റഡിമരണം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: April 10, 2018 8:13 pm | Last updated: April 10, 2018 at 10:02 pm

കൊച്ചി: വാരാപ്പുഴയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, ശ്രീജിത്തിനെ മര്‍ദിച്ചുവന്ന് ബന്ധുക്കള്‍ ആരോപിച്ച എസ്‌ഐക്കെതിരെ തത്കാലം നടപടിയെടുത്തിട്ടില്ല.

ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. വരാപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ ദേവസ്വം പാടം കുളമ്പ് കണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങി മരിച്ച കേസില്‍ പ്രതിചേര്‍ത്ത് ശ്രീജിത്തിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് മര്‍ദനത്തില്‍ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ചികിത്സ നല്‍കാനോ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല. പോലീസ് മര്‍ദനത്തില്‍ വയറ്റിലെ കുടല്‍ പോലും പൊട്ടിയ നിലയിലായിരുന്നു ശ്രീജിത്ത്. മര്‍ദനത്തോടൊപ്പം വയറ്റില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചതായി ശ്രീജിത്ത് ആശുപത്രിയില്‍ വെച്ച് പറഞ്ഞതായി സഹോദരന്‍ രഞ്ജിത്ത് വെളിപ്പെടുത്തി.