വേഗപ്പോരില്‍ ജമൈക്കക്ക് തിരിച്ചടി: അകാനി വേഗതാരം

വനിതകളുടെ വേഗപ്പോരില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ മിഷേലെ ലീ അയെ 11.14 സെക്കന്‍ഡ്‌സില്‍ ജേതാവായി
Posted on: April 10, 2018 6:01 am | Last updated: April 10, 2018 at 12:04 am
നൂറ് മീറ്ററിലെ ആവേശപ്പോരില്‍ ജമൈക്കയുടെ സൂപ്പര്‍ താരം യൊഹാന്‍ ബ്ലേക്കിനെ ഞെട്ടിച്ചു കൊണ്ട് അകാനി സിമ്പൈന്‍ ചാമ്പ്യനാകുന്നു. രണ്ടാം സ്ഥാനക്കാരന്‍ ഹെന്റിചോ സമീപം

കോസ്റ്റ്: 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേഗമേറിയ പുരുഷ താരം ദക്ഷിണാഫ്രിക്കയില്‍ നിന്ന്. നൂറ് മീറ്ററിലെ ആവേശപ്പോരില്‍ ജമൈക്കയുടെ സൂപ്പര്‍ താരം യൊഹാന്‍ ബ്ലേക്കിനെ ഞെട്ടിച്ചു കൊണ്ട് അകാനി സിമ്പൈന്‍ വേഗരാജനായി.

നിറഞ്ഞു കവിഞ്ഞ കരാര സ്റ്റേഡിയത്തില്‍ അകാനിയുടെ കുതിപ്പില്‍ ബ്ലേക്ക് 10.19 സെക്കന്‍ഡ്‌സില്‍ മൂന്നാം സ്ഥാനത്തായി. 10.03 സെക്കന്‍ഡ്‌സില്‍ അകാനി ചാമ്പ്യനായപ്പോള്‍ രണ്ടാം സ്ഥാനം നാട്ടുകാരനായ ഹെന്റിചോ ബ്രൂന്‍ടിയെസിന്.

സെമിഫൈനലില്‍ 10.06 സെക്കന്‍ഡ്‌സില്‍ ഏറ്റവും മികച്ച ഫിനിഷ് നടത്തിയ യൊഹാന്‍ ബ്ലേക്ക് ചാമ്പ്യനാകുമെന്നായിരുന്നു ഏവരും കരുതിയത്. പക്ഷേ, സ്റ്റാര്‍ട്ടില്‍ പിഴച്ച ബ്ലേക്കിന് പിന്നീട് അവസരം നല്‍കാതെ അകാനി കുതിച്ചു.

ജേതാവായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മത്സരശേഷം ഇരുപത്തെട്ടുകാരന്‍ പ്രതികരിച്ചു. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ താരങ്ങളെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.

ഫൈനലിലെത്തിയ ഇംഗ്ലണ്ടിന്റെ ആദം ജെമിലി പരുക്കിനെ തുടര്‍ന്ന് പിന്‍മാറി.

വനിതകളുടെ വേഗപ്പോരില്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ മിഷേലെ ലീ അയെ 11.14 സെക്കന്‍ഡ്‌സില്‍ ജേതാവായി. ജമൈക്കയുടെ ക്രിസ്റ്റാനിയ വില്യംസി (11.21)ന് വെള്ളി മെഡല്‍. വെങ്കലം ജമൈക്കയുടെ ഗയോന്‍ എവാന്‍സിന്.

പുരുഷന്‍മാരുടെ ഷോട് പുട്ടില്‍ ന്യൂസിലാന്‍ഡിന്റെ ലോക ചാമ്പ്യന്‍ തോമസ് വാല്‍ഷ് 21.41 മീറ്ററില്‍ സ്വര്‍ണം കണ്ടെത്തി.
ഗ്ലാസ്‌ഗോയില്‍ നാല് വര്‍ഷം മുമ്പ് നേടിയ വെള്ളി മെഡലാണ് ഗോള്‍ഡ് കോസ്റ്റില്‍ തോമസ് വാല്‍ഷ് സ്വര്‍ണമാക്കി മാറ്റിയത്.