കാവേരി നദീജല തര്‍ക്കം: കേന്ദ്രത്തിന് വിമര്‍ശം

  • കരടുരേഖ അടുത്ത മാസം മൂന്നിനകം സമര്‍പ്പിക്കണം
  • വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല
Posted on: April 9, 2018 2:41 pm | Last updated: April 10, 2018 at 12:47 pm

ന്യൂഡല്‍ഹി: കാവേരി നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രെബ്രുവരി 16ന് പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുമായി കാവേരീ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച പദ്ധതി കരടുരേഖ അടുത്ത മാസം മൂന്നിന് മുമ്പ് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിധിയില്‍ വ്യക്തത തേടിയും നടപ്പാക്കാന്‍ സമയം ചോദിച്ചും കേന്ദ്രം നല്‍കിയ അപേക്ഷകളും തമിഴ്‌നാടിന്റെ കോടതിയലക്ഷ്യ ഹരജിയുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. അടുത്ത മാസം മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

പദ്ധതിക്ക് കോടതി അന്തിമ അംഗീകാരം നല്‍കുന്നതു വരെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ജനം സമാധാനം പാലിക്കണം. അക്രമത്തില്‍ അഭയം തേടരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

കാവേരി വിഷയത്തില്‍ കേന്ദ്രം നയം രൂപവത്കരിക്കണം. കേന്ദ്രത്തിന് അതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. കേന്ദ്രം സമര്‍പ്പിക്കുന്ന പദ്ധതിയുടെ കരട് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. അവരുടെ അഭിപ്രായം കേട്ട ശേഷം ആറ് ആഴ്ചക്കുള്ളില്‍ പദ്ധതിക്ക് അംഗീകാരം നല്‍കും. വെള്ളം വിട്ടുനില്‍കുന്ന കാര്യം വിധിയനുസരിച്ച് പാലിക്കണം. ഇത് കോടതിക്ക് എപ്പോഴും നിരീക്ഷിക്കാനാകില്ല. പദ്ധതി നിയമത്തിന് കീഴിലാക്കുകയാണ് അവശ്യം. ഇക്കാര്യങ്ങള്‍ ഇതുവരെ കേന്ദ്രം ചെയ്തില്ലെന്നും കോടതി നിരീക്ഷിച്ചു.

അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ നദികളും കേന്ദ്രത്തിന് കീഴില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി.

കാവേരി നദീജലം വീതം വെക്കുന്നതിന് കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയും രൂപവത്കരിക്കണമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിലെ സുപ്രീം കോടതി വിധി. പദ്ധതി മാര്‍ച്ച് 31നകം വിജ്ഞാപനം ചെയ്യണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിധി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ മൂന്ന് മാസത്തെ അധിക സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കോടിയലക്ഷ്യ ഹരജിയും സമര്‍പ്പിച്ചു.