ഗാസയില്‍ ഒറ്റ നിരപരാധിയും ഇല്ല: ഇസ്‌റാഈല്‍

Posted on: April 9, 2018 6:12 am | Last updated: April 8, 2018 at 11:48 pm

ഗാസി സിറ്റി: ഹമാസ് ഭരണത്തിന് കീഴിലുള്ള ഗാസ മുനമ്പില്‍ ഒരു നിരപരാധിയും ഇല്ലെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍. ലാന്‍ഡ് ഡേ ആചരണവുമായി ബന്ധപ്പെട്ട് 30ഓളം ഫലസ്തീനികളെ വെടിവെച്ചുകൊന്ന ഇസ്‌റാഈല്‍ നടപടിയെ അന്താരാഷ്ട്ര സമൂഹം ശക്തമായി വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രകോപനപരമായ നീക്കവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗാസ മുനമ്പില്‍ നിരപരാധിയായ ഒരാളുമില്ല. എല്ലാവരും ഹമാസുമായി ബന്ധമുള്ളവരാണ്. എല്ലാവര്‍ക്കും ശമ്പളം കിട്ടുന്നത് ഹമാസില്‍ നിന്നാണ്. ഇസ്‌റാഈലിനെ വെല്ലുവിളിച്ച് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും, അതിര്‍ത്തി ഭേദിച്ച് നടത്തുന്ന എല്ലാ അതിക്രമങ്ങളും ഹമാസ് തീവ്രവാദ പ്രവര്‍ത്തനമാണ് എന്നും പ്രതിരോധ മന്ത്രി ലിബര്‍മാന്‍ ആരോപിച്ചു. നിരപരാധികളായ മുപ്പതോളം ഫലസ്തീനികളെ വെടിവെച്ചു ഇസ്‌റാഈല്‍ നടപടിക്കെതിരെ സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തുമെന്ന് യൂറോപ്യന്‍ യൂനിയനും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു എന്‍ അന്വേഷണത്തോട് സഹകരിക്കേണ്ട ഒരു ഉത്തരവാദിത്വവും തങ്ങള്‍ക്കില്ലെന്ന നിലപാടാണ് ഇസ്‌റാഈലിന്റെത്.