ഹര്‍ദിക്കിനെതിരെ മഷി പ്രയോഗം: പ്രതി പിടിയില്‍

Posted on: April 9, 2018 6:22 am | Last updated: April 8, 2018 at 11:37 pm
ഹര്‍ദിക് പട്ടേലിന് മേല്‍ മഷി ഒഴിച്ചപ്പോള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന് നേരെ മഷി ആക്രമണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. മിലിന്ദ് ഗുര്‍ജര്‍ എന്നയാളാണ് ഹര്‍ദ്ദിക് പട്ടേലിനെ ആക്രമിച്ചത്. തന്റെ വ്യക്തി താത്പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹര്‍ദിക് പരിഹസിക്കുകയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മഷിപ്രയോഗം നടത്തിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഹര്‍ദിക് പട്ടേല്‍ ഗുര്‍ജാര്‍, പട്ടേല്‍ സമുദായംഗങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അക്രമി ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഹോട്ടലില്‍ വന്നപ്പോഴായിരുന്നു ഹര്‍ദിക് പട്ടേലിനെതിരെ പ്രതി മഷി പ്രയോഗം നടത്തിയത്. ഉടന്‍ പ്രതിയെ ഹര്‍ദികിനൊപ്പമുണ്ടായിരുന്നവര്‍ പിടികൂടി. ഹര്‍ദിക്കിന്റെ അനുയായികള്‍ മിലിന്ദിനെ മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മഷിപുരണ്ട വസ്ത്രത്തോടെ ഹര്‍ദിക് പത്ര സമ്മേളനം തുടര്‍ന്നു. എന്‍ ഡി എ സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നയങ്ങളാണ് തുടരുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.