Connect with us

National

കോണ്‍ഗ്രസ് ജനാശിര്‍വാദ് യാത്ര സമാപിച്ചു; മനുഷ്യസാഗരം തീര്‍ത്ത് പാലസ് മൈതാനം

Published

|

Last Updated

കോണ്‍ഗ്രസ് ജനാശിര്‍വാദ് യാത്രയുടെ സമാപനത്തിനെത്തിയ
പ്രവര്‍ത്തകര്‍

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തോളമായി കോണ്‍ഗ്രസ് നടത്തിവരുന്ന പ്രചാരണ പരിപാടിയായ ജനാശിര്‍വാദ് യാത്രയുടെ സമാപന സമ്മേളനം ചരിത്രസംഭവമായി.

സമാപന ചടങ്ങുകള്‍ക്ക് നേത്രസാക്ഷിയാവാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ കേള്‍ക്കാനും ബെംഗളൂരുവിലെ പാലസ് മൈതാനിയിലേക്ക് ഇന്നലെ രാവിലെ മുതല്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി നാല് ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇന്നലെ വൈകീട്ട് നടന്ന സമാപന സമ്മേളനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിസംബോധന ചെയ്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷമാണ് ദിവസം കഴിയുന്തോറും തെളിഞ്ഞുവരുന്നതെന്നും സിദ്ധരാമയ്യയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. സിദ്ധരാമയ്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബെംഗളൂരു നഗരത്തിന്റെ ഇന്ന് കാണുന്ന വികസനത്തിന് നിദാനമായി വര്‍ത്തിച്ചത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ബെംഗളൂരുവിന് അനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണെന്നും കൊള്ളക്കാരുടെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെയും സ്തുതിപാഠകരായി ബി ജെ പി മാറിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ വിധിയെഴുത്തുണ്ടാവും. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചാണ് മോദി അധികാരത്തില്‍ കയറിയത്. എന്നാല്‍ ആര്‍ക്കും 10 രൂപ പോലും നല്‍കിയിട്ടില്ല. ജി എസ് ടി മൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും അമിത് ഷാ സ്വന്തം ആള്‍ക്കാരെ സഹായിക്കാനാണ് തയ്യാറാവുന്നത്.

കഴിഞ്ഞ രണ്ട് മാസമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പര്യടനത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിക്കാന്‍ യാ്രതക്കിടെ അവസരമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര, മന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ സമ്മേളന സ്ഥലത്തെത്തിക്കുന്നതിന് ബി എം ടി സിയുടെയും കര്‍ണാടക ആര്‍ ടി സിയുടെയും നാലായിരത്തോളം ബസുകള്‍ സജ്ജീകരിച്ചിരുന്നു. ഇതുകൂടാതെ ടെംമ്പോ, ലോറി, ടാക്‌സികള്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തി. സമ്മേളനത്തിനെത്തുന്നവര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നഗരിയില്‍ ലഭ്യമാക്കി. ഇതിന് പ്രത്യേകം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിച്ചു.

രാവിലെ നഗരത്തിലെ ശുചീകരണ തൊഴിലാളികളുടെ യൂനിയന്‍ നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, നഗര വികസന മന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിധാന്‍സൗധ മെട്രോ സ്റ്റേഷനില്‍ നിന്നും എം ജി റോഡ് സ്റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്താണ് രാഹുല്‍ പാലസ് മൈതാനിയിലെ സമ്മേളന സ്ഥലത്തെത്തിയത്.