Connect with us

Kerala

സ്വകാര്യ ആശുപത്രി മേഖലയില്‍ മിനിമം വേതന വിജ്ഞാപനം നടപ്പായില്ലെങ്കില്‍ 20 മുതല്‍ പണിമുടക്ക്: യു എന്‍ എ

Published

|

Last Updated

ചെങ്ങന്നൂര്‍: സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന വിജ്ഞാപനം ഉടനെ ഉണ്ടായില്ലെങ്കില്‍ 20 മുതല്‍ സമ്പൂര്‍ണ്ണമായി പണിമുടക്കിക്കൊണ്ട് നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് യു എന്‍ എ.

ചേര്‍ത്തല കെ വി എം ആശുപത്രിയിലെ സമരം തീര്‍പ്പാക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ യു എന്‍ എയുടെ വനിതാ സ്ഥാനാര്‍ഥി മത്സരിക്കുമെന്നും നഴ്‌സുമാരുടെ പ്രഖ്യാപനം. ചെങ്ങന്നൂരില്‍ നടന്ന നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് യു എന്‍ എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷയാണ് സംഘടനയുടെ നിലപാട് പ്രഖ്യാപിച്ചത്. ആരുമില്ലാത്തവര്‍ക്കൊപ്പമെന്ന നഴ്‌സുമാരുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി ഇന്ന് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിന് യു എന്‍ എ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കെ വി എം സമരം 230 ദിവസം പിന്നിട്ടു. രാഷ്ട്രീയ കക്ഷികളാരും തന്നെ ഇതുവരെ ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ പങ്കാളികളായില്ല.

പിന്തുണയുമായി വരുന്നവരില്‍ പലരും മുതുകാടിന്റെ മാജിക് കണക്കെ രണ്ടിടത്തും കാണുന്നവരാണ്. ജില്ലയിലെ രണ്ട് മന്ത്രിമാര്‍ ചര്‍ച്ചക്ക് വിളിച്ചിരൂത്തിയിട്ടും മാനേജ്‌മെന്റ് മുഷ്‌ക്കുകാട്ടി ഇറങ്ങിപോവുകയാണുണ്ടായത്. കെ വി എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ യു എന്‍ എ കക്ഷി ചേരുകയാണെന്ന് ജാസ്മിന്‍ഷ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുധീപ് എം വി മുഖ്യപ്രഭാഷണം നടത്തി.

 

Latest