പ്രതിപക്ഷം ഒന്നിച്ചാല്‍ ബി ജെ പിയെ വാരാണസിയില്‍ നിന്നുപോലും കെട്ടുകെട്ടിക്കാമെന്ന് രാഹുല്‍

Posted on: April 8, 2018 8:51 pm | Last updated: April 9, 2018 at 12:12 pm
SHARE

ബെംഗളൂരു: പ്രതിപക്ഷം ഒന്നിച്ചാല്‍ നരേന്ദ്ര മോദിക്ക് സ്വന്തംമണ്ഡലമായ വാരാണസി വരെ നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാല്‍ മതിയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘ജനാശിര്‍വാദ യാത്ര’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

സമാജ്‌വാദി പാര്‍ട്ടി- ബി എസ് പി കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പ്രാദേശികവും വ്യക്തിപരവുമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്ക് ഉപരിയായി വ്യത്യസ്ത കക്ഷികളുടെ സഖ്യമുണ്ടാക്കാനായാല്‍ ഇപ്പോഴത്തെ ഭരണം നിലംപൊത്തുമെന്ന് രാഹുല്‍ ഗാന്ധി വിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ ഐക്യം ഒരു പരിധിയില്‍ കൂടിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കുക അസാധ്യമാണ്. ഇപ്പോള്‍ പ്രതിപക്ഷ ഐക്യം ഒരു നിലയിലെത്തിയിരിക്കുന്നു. കാര്യങ്ങള്‍ വളരെ ലളിതമാണ് രാഹുല്‍ പറഞ്ഞു. എസ്പിയും ബിഎസ്പിയും ബിജെപിക്ക് എതിരായി നിലയുറപ്പിച്ചാല്‍ വാരണാസി സീറ്റു പോലും മോദിക്ക് നഷ്ടപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന് ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നു സംബന്ധിച്ചു ധാരണയുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും നേതാക്കളെയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇക്കാര്യത്തില്‍ തങ്ങള്‍ അഹന്ത വെച്ചു പുലര്‍ത്താറില്ലെന്നും പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച മറ്റൊരു ചോദ്യത്തിനു മറുപടിയായി രാഹുല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here