ഫീസ് ഇരട്ടിയാക്കണം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു

Posted on: April 7, 2018 11:48 am | Last updated: April 7, 2018 at 2:30 pm

തിരുവനന്തപുരം: മെഡിക്കല്‍ ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്നാണ് ആവശ്യം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ഇരുപതോളം കോളജുകളാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ 5.6 ലക്ഷമാണ് ഫീസ്. ഹരജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് ഫീസ് ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു സമിതി പുതുക്കി നിശ്ചയിച്ചിരുന്നു. എം.ബി.ബി.എസ് ഫീസ് കുറച്ച് അഞ്ച് ലക്ഷത്തിനും 5.6 ലക്ഷത്തിനും ഇടയിലുള്ള തുകയാണ് തീരുമാനിച്ചത്.

ഇത് 11 മുതല്‍ 13 ലക്ഷം വരെയായി വര്‍ധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. നാലായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.