Connect with us

Kerala

മോര്‍ഫിംഗ് : മുഖ്യ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

Published

|

Last Updated

പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

വടകര: മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ചീക്കോന്നുമ്മല്‍ കൈവേലിക്കല്‍ ബിബീഷിനെ(35)ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരികെ കോടതിയില്‍ ഹാജരാക്കണം. പ്രതി തൊഴിലെടുത്ത വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് സ്റ്റുഡിയോവിലും പ്രതി അടുത്ത ദിവസം ആരംഭിച്ച പുറമേരിയിലെ ദിശാ സ്റ്റുഡിയോവിലും അന്വേഷണ ഉദ്യോഗസ്ഥയായ സി ഭാനുമതിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നു.

രാവിലെ 11 ഓടെ വടകരയിലെ സ്റ്റുഡിയോവിലും വൈകീട്ട് നാലോടെ പുറമേരിയിലും എത്തിച്ചാണ് തെളിവെടുത്തത്. ഇരുസ്ഥാപനങ്ങളിലും നേരത്തെ പരിശോധന നടത്തിയ പോലീസ് കമ്പ്യൂട്ടറുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. സദയത്തില്‍ ഒരു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. പ്രമാദമായ മോര്‍ഫിംഗ് കേസില്‍ ഇടുക്കിയിലെ രാജമലയിലെ റബ്ബര്‍ തോട്ടത്തിനിടയിലുള്ള പഴയ ഷെഡില്‍ വെച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ ബിബീഷ് അറസ്റ്റിലാകുന്നത്. സദയം സ്റ്റുഡിയോവില്‍ എഡിറ്ററായിരുന്ന ബിബീഷാണ് കല്ല്യാണ ഫോട്ടോകളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചത്.

സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരിയിലെ സതീശനും ദിനേശനും തൊട്ടില്‍പ്പാലം കുണ്ടുതോടില്‍ നിന്നു പിടിയിലായ ശേഷം റിമാന്‍ഡിലാണ്. പ്രതികള്‍ക്കെതിരെ വൈക്കിലശേരിയിലും പരിസരത്തും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപവത്കരിച്ച് പ്രക്ഷോഭ രംഗത്താണ്. തുടര്‍ന്നാണ് പോലീസ് ജാഗ്രതയോടെ കേസ് അന്വേഷിച്ചതും പ്രധാന പ്രതികളെ പിടികൂടിയതും.

Latest